തൊടുപുഴ: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുള്ള പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാതെ വിട്ടുനൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട വാഴൂർ സോമൻ എം.എൽ.എയുടെ നിലപാട് സംശയാസ്പദമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് താൻ പോസ്റ്റമോർട്ടം ഒഴിവാക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്ന എം.എൽ.എയുടെ വാദം പച്ചക്കള്ളമാണ്. അവരാരും ഇത്തരമൊരു ആവശ്യം ആരോടും ഉന്നയിച്ചിട്ടില്ല. ഇത്രയും അസ്വാഭാവികതയുള്ള കൊലപാതക കേസിൽ പോസ്റ്റ്‌മോർട്ടം വേണ്ടെന്ന് ആവശ്യമുന്നയിച്ച എം.എൽ.എ ആരെ രക്ഷിക്കാനാണ് ഇത് പറഞ്ഞതെന്ന് വെളിപ്പെടുത്തണം. എം.എൽ.എ ഇക്കാര്യത്തിൽ തെറ്റു സമ്മതിച്ച് മാപ്പ് പറയണം. ജില്ലയിൽ നിന്നുള്ള മന്ത്രിയോ മുഖ്യമന്ത്രിയോ ഇവിടെ വരാത്തത് പ്രതി ഡി.വൈ.എഫ്‌.ഐക്കാരൻ ആയതുകൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു. ഡി.വൈ.എഫ്‌.ഐ ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.

രാജസ്ഥാനി പെൺകുട്ടിയുടെ മരണം അന്വേഷിക്കണം

തൊടുപുഴ: ദുരൂഹസാഹചര്യത്തിൽ ആത്മഹത്യചെയ്ത പതിനാലുകാരിയായ രാജസ്ഥാൻ പെൺകുട്ടിയുടെ മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.