നെടുങ്കണ്ടം: രാമക്കൽമേടിന് സമീപം ഇടത്തറമുക്കിൽ പുലി ഇറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസം രാത്രിയാണ് ഇടത്തറമുക്കിന് സമീപം പുലിയുടേതെന്ന് കരുതുന്ന കാൽപാടുകൾ കണ്ടെത്തിയത്. പുതിയതായി മണ്ണെടുത്തിട്ട സ്ഥലത്താണ് കാൽപ്പാട് കണ്ടെത്തിയത്. ഇടത്തറമുക്കിൽ നിന്ന് കമ്പംമെട്ടിലേക്ക് വാഹനവുമായി പോകുന്നതിനിടെ രണ്ടുപേർ പുലിയെ കണ്ടെന്ന് പറഞ്ഞതോടെ നാട്ടുകാരും ആശങ്കയിലായി. തുടർന്ന് പഞ്ചായത്ത് അംഗം പി.ആർ. ബിനു വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് പുളിയൻമല ഫോറസ്റ്റ് ആഫീസറുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പ്രദേശത്ത് കണ്ടെത്തിയ കാൽപാദത്തിന്റെ ചിത്രം ശേഖരിച്ച് പരിശോധന നടത്തും. പുലിയുടെ കാൽപാദമല്ല ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. തമിഴ്‌നാട് വനാതിർത്തിയാണിത്. വനത്തിൽ നിന്ന് എത്തിയ ചെന്നായയുടെ കാൽപാദമാണിതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.