തൊടുപുഴ: നഗരത്തിലെ പല റോഡുകളിൽനിന്നും സീബ്രാ ലൈനുകൾ അപ്രത്യക്ഷമായി.ഇതോടെ റോഡുകളിൽ അപകട സാദ്ധ്യത ഏറി.എറണാകുളം,തൃശൂർ,ഇടുക്കി,മൂലമറ്റം,ഈരാറ്റ്പേട്ട, പാലാ,കൂത്താട്ട് കുളം പ്രദേശങ്ങളിലേക്ക് പോകുന്ന പ്രധാന സംഗമ സ്ഥലമായ തൊടുപുഴയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ദിവസവും ആയിരക്കണക്കിന് ആളുകളാണ് വാഹനങ്ങളിലും മറ്റും എത്തുന്നത്.തൊടുപുഴയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ,വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് എത്തുന്ന പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ വെറേയും. ദിവസവും നഗരത്തിലേക്ക് എത്തുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങളും. ഇതെല്ലാം തൊടുപുഴ നഗരത്തിലേക്ക് എത്തുന്നവരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയാണ്.യാതൊരു നിയന്ത്രണവും ഇല്ലാതെ ഗതാഗത നിയമങ്ങളെ നോക്ക് കുത്തിയാക്കി അപകടകരമായ വേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങൾ,സ്ലാബുകൾ ഇല്ലാത്ത ഓടകൾ,ഗർത്തങ്ങൾ നിറഞ്ഞതും സൂചന ബോർഡുകളും സ്ട്രീറ്റ്‌ ലൈറ്റുകളും സീബ്രാ ലൈനുകളും ഇല്ലാത്ത റോഡുകൾ... ഇതെല്ലാം പരിഹരിക്കപ്പെടാതെ നഗരത്തിലെ പതിവ് കാഴ്ച്ചകളാവുകയാണ്.

തരിപോലുമില്ല

കണ്ട്പിടിക്കാൻ

നഗരത്തിലെ പ്രധാനപ്പെട്ട മിക്കവാറും റോഡുകളിൽ സീബ്രാ ലൈനുകൾ ഇല്ലാത്തത് കാൽനട യാത്രികരേയും വാഹന യാത്രികരേയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുണ്ട്.ചില സ്ഥലങ്ങളിൽ സീബ്രാ ലൈനുകൾ വർഷങ്ങളായി കാണാനേ ഇല്ല; മറ്റ് ഇടങ്ങളിൽ റോഡിന്റെ നവീകരണത്തെ തുടർന്ന് സീബ്രാ ലൈനുകൾ പൂർണ്ണമായും ഇല്ലാത്ത അവസ്ഥയുമാണ്.ഇതേ തുടർന്ന് മിക്കവാറും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടങ്ങളും സംഭവിക്കുന്നുണ്ട്.പ്രൈവറ്റ് ബസ്റ്റാൻഡ് ജംഗ്ഷൻ,നഗരത്തിന്റെ വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രം, ആശുപത്രി ജംഗ്ഷൻ,നഗരസഭാ കാര്യാലയം,സിവിൽ സ്റ്റേഷൻ മുൻവശം,എക്സേഞ്ച് ജംഗ്ഷൻ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം സീബ്രാ ലൈനുകൾ ഇല്ലാത്ത അവസ്ഥയാണ്.

വീട്ടമ്മയ്ക്ക് പരിക്ക്.........

മൂപ്പിൽ കടവ് ജംഗ്ഷനിൽ റോഡ് ക്രോസ് ചെയ്ത വീട്ടമ്മയുടെ ദേഹത്ത്‌ ബൈക്ക് തട്ടി.ഇന്നലെ ഉച്ചക്ക് രണ്ടിനാണ് സംഭവം.വീട്ടമ്മ റോഡിന്റെ ഇപ്പുറത്ത് നിന്ന് ബസ് കത്തിരിപ്പ് കേന്ദ്രത്തിലേക്ക് നടന്ന് വരവേ മൂപ്പിൽ കടവ് പാലം ഭാഗത്ത് നിന്ന് വന്ന ബൈക്കാണ് ദേഹത്ത് തട്ടിയത്.കൈക്ക് സാരമായി പരിക്കേറ്റ വീട്ടമ്മയെ ബൈക്ക് യാത്രികൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.