തൊടുപുഴ: കർഷകർക്കെതിരെ കേസ് എടുത്താൽ എന്ത് വിലകൊടുത്തും അതിനെ നേരിടുമെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ എക്‌സ് എം എൽ എ പറഞ്ഞു.മരംവെട്ട് കേസിൽ കുറ്റംചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥന്മാരെ രക്ഷിക്കാൻ കൃഷിക്കാരെ ബലികൊടുക്കാൻ സമ്മതിക്കില്ല. ഉള്ള വനം പോലും സംരക്ഷിക്കാൻ കഴിയാത്തവർ മരം വെച്ചുപിടിപ്പിക്കുന്ന കൃഷിക്കാരെ തകർക്കാൻ ശ്രമിക്കുന്നത് അപമാനകരമാണ്.
പശ്ചിമഘട്ട മലനിരകളും കേരളത്തിന്റെ പച്ചപ്പും നിലനിർത്തുന്നത് കൃഷിക്കാരുടെ അദ്ധ്വാനം കൊണ്ട് മാത്രമാണ്. മലയോരങ്ങളിൽ കൃഷിക്കാർ ജീവിക്കുന്നില്ലായിരുന്നെങ്കിൽ വനം ഉദ്യോഗസ്ഥരും കള്ളത്തടി വെട്ടുകാരും ഈ മേഖലയിലെ മുഴുവൻ മരങ്ങളും വിൽപ്പന നടത്തി പണംസമ്പാദിക്കുമായിരുന്നു.
കർഷകർക്ക് കിട്ടിയ നിയമപരമായ അവകാശം ദുരുപയോഗം ചെയ്ത് മരംമുറി നടത്തിയിട്ട് കർഷകർക്കെതിരെ കേസ് എടുക്കാനുള്ള നീക്കം ഈ മേഖലയിൽ പ്രകോപനം സൃഷ്ടിച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കുവാള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു.