saneesh

തൊടുപുഴ: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ റിസോഴ്‌സ് സെന്റർ വെങ്ങല്ലൂർ വനിതാ വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തനമാരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ, തൊടുപുഴ മുനിസിപ്പൽ കൗൺസിലർ നിധി മനോജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീതാ എം.ജി, തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ കുട്ടികൾക്ക് ശാരീരിക മാനസിക സാമൂഹിക ആരോഗ്യ വിഷയങ്ങളിൽ വിദഗ്ദ്ധ പരിചരണം ഉറപ്പു വരുത്തുകയാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ ലക്ഷ്യം. ലൈംഗികാതിക്രമത്തിൽ നിന്നും അതിജീവിച്ച കുട്ടികൾക്കും ലൈംഗിക ചൂഷണത്തിന് വിധേയരാവാൻ സാദ്ധ്യതയുള്ള കുട്ടികൾക്കും പ്രതികൂല ജീവിത സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികൾക്കും ആവശ്യമായ പരിചരണവും പിന്തുണാ സംവിധാനവും ജില്ലാ റിസോഴ്‌സ് സെന്ററിലൂടെ നൽകാൻ സാധിക്കും. ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ മേൽനോട്ടത്തിൽ ഒ.ആർ.സി. പ്രൊജക്ട് അസിസ്റ്റന്റ്, ഒ.ആർ.സി. സൈക്കോളജിസ്റ്റ് എന്നിവരാണ് ജില്ലാ റിസോഴ്‌സ് സെന്ററിന്റെ സേവനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇവയ്ക്കു പുറമെ ഒ.ആർ.സി. യുടെ കീഴിൽ ജില്ലയിലെ കുട്ടികൾക്ക് വിദഗ്ദ്ധരായ സൈക്കോളജിസ്റ്റുമാർ, മാനസികാരോഗ്യ വിദഗ്ദ്ധർ, പരിശീലനം ലഭിച്ച കൗൺസിലർമാർ, പരിശീലകർ, വിദഗ്ദ്ധർ തുടങ്ങിയവരുടെ റിസോഴ്‌സ് പൂളുകൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. വിദഗ്ദ്ധരുടെ സേവനങ്ങൾ ജില്ലാ റിസോഴ്‌സ് സെന്ററിൽ കുട്ടികൾക്ക് സൗജന്യമാണ്.