ഇടുക്കി: ജില്ലയുടെ ജനകീയ കളക്ടർക്ക് സഹപ്രവർത്തകർ സ്‌നേഹോഷ്മ്‌ളമായ യാത്രയയപ്പ് നൽകി.ജില്ലയുടെ ഭൂപ്രശ്‌നങ്ങളിലും പട്ടയം കൊടുക്കുന്ന കാര്യത്തിലും ജില്ലാ കളക്ടറുടെ ഇടപെടൽ വളരെ വലുതായിരുന്നു. മലയോര നിവാസികളുടെ ചിരകാലാഭിലാഷമാണ് പട്ടയം. ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്തത് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടറുടെ കാലയളവിലാണ്. അദ്ദേഹത്തിന്റെ പ്രവർത്തനം ഏവർക്കും ഒരു മാതൃകയാണെന്നും യാത്രയയപ്പ് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ചു എ.ഡി.എം ഷൈജു പി ജേക്കബ് പറഞ്ഞു.
ഇടുക്കി നിവാസികളുടെ ഏറ്റവും പ്രധാന ആവശ്യം എന്ന നിലയിൽ ഏറ്റവും കൂടുതൽ പട്ടയം കൊടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ജില്ലാ കളക്ടർ എച്ച് ദിനേശൻ പറഞ്ഞു. മൂന്ന് തിരഞ്ഞെടുപ്പുകൾ കൃത്യമായ ഏകോപനത്തിലൂടെ ഭംഗിയായി നടത്താൻ സാധിച്ചു . സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ആവശ്യങ്ങൾ പരിഗണിച്ചു നൽകാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണയാണ് തനിക്ക് ഇടുക്കിയിൽ നിന്നും ലഭിച്ചതെന്നും കളക്ടർ പറഞ്ഞു.
ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണശർമ, ആർഡിഒ എംകെ ഷാജി , ഡെപ്യൂട്ടി കളക്ടർ എൽആർ മനോജ് കെആർ , മറ്റ് ഡെപ്യൂട്ടി കളക്ടർമാർ, തഹസീൽദാർമാർ തുടങ്ങിയവർ കളക്ടർക്ക് ആശംസകൾ അർപ്പിച്ചു.