തൊടുപുഴ: ഓഫീസ്‌ മേധാവിയെ മുൻകൂട്ടി അറിയിച്ച് ചികിത്സക്കായി അവധിയെടുത്ത റവന്യു വകുപ്പ് ഉദ്യോഗസ്ഥന് 2016 മുതലുള്ള ശമ്പളം നൽകാത്തതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക്നിർദ്ദേശം നൽകി.

അന്വേഷണത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ അവർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അധ്ദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. രണ്ട് മാസത്തിനകം പരാതിക്ക് പരിഹാരം കാണണമെന്ന് കമ്മീഷൻ റവന്യു സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ഇടുക്കി ഡപ്യൂട്ടി തഹസിൽദാർ എൻ.കെ. അനിൽകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. 2016 സെപ്തംബർ മുതൽ 2017 ഓഗസ്റ്റ് വരെ നട്ടെല്ലിനുള്ള ചികിത്സയുമായി ബന്ധപ്പെട്ട് പരാതിക്കാരൻ അവധിയെടുത്തു. 2017 ഓഗസ്റ്റിൽ തിരികെജോലിക്ക് പ്രവേശിച്ചെങ്കിലും 2016 സെപ്തംബർ മുതലുള്ള ശമ്പളം നൽകിയില്ല. പത്തു ദിവസത്തിനകം ശമ്പളം നൽകണമെന്ന് ലാന്റ് റവന്യു കമ്മീഷണർ 2020 ജനുവരിയിൽ നിർദ്ദേശം നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പരാതിക്കാരൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.പരാതിക്കാരൻ വില്ലേജ് ഓഫീസറായിജോലി ചെയ്യുന്ന കാലത്ത് അനധിക്യതമായിജോലിക്ക് ഹാജരാകാത്തതു കാരണമാണ് ശമ്പളവും ആനുകൂല്യവും നൽകാൻ വീഴ്ച വന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരൻ ശൂന്യവേതന അവധിയിലായിരുന്ന 323 ദിവസത്തെ അവധി അനുവദിച്ച് ഉത്തരവായാൽ മാത്രമേ ശമ്പളം നൽകാൻ കഴിയുകയുള്ളുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ശൂന്യവേതന അവധി അനുവദിക്കാൻ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

ഇപ്പോൾ നടക്കുന്നത് പരാതിക്കാരന്റെ ജീവിക്കാനുള്ള അവകാശത്തെചോദ്യം ചെയ്യലാണ്. ഇക്കാര്യത്തിൽ വ്യക്തമായ അന്വേഷണം ആവശ്യമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ സെപ്തംബബർ 3 നകം അറിയിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു