തൊടുപുഴ : എം.സി. റോഡിന് സമാന്തരമായി നിർമ്മിക്കുന്ന പുതിയ തിരുവനന്തപുരം- അങ്കമാലി ഗ്രീൻ ഫീൽഡ് കോറിഡോറിന്റെ നിർമ്മാണനിർവഹണത്തിനായുള്ള നടപടികൾ ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫ്ലാഗ്ഷിപ് പദ്ധതിയായ 'ഭാരത് മാല പരിയോജനയിൽ' ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരം മുതൽ കൊട്ടാരക്കര, കോട്ടയം വഴി അങ്കമാലി വരെ 233.220 കിലോമീറ്റർ വരുന്ന ബൃഹത് പദ്ധതിയാണിത്. എം.സി റോഡിനു സമാന്തരമായിട്ടുള്ള 45 മീറ്റർ വീതിയിൽ നാല് വരി പാതയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. ജില്ലയിൽ തൊടുപുഴയിലെ മണക്കാട്, വഴിത്തല വഴിയാണ് റോഡ് കടന്നുപോകുന്നത്. ജില്ലയിൽ 29.04 ഹെക്ടറർ സ്ഥലമാണ് നിർദ്ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ പദ്ധതിയുടെ ആകെ നിർമ്മാണ ചിലവ് 12904 കോടി രൂപയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. നിലവിലുള്ള എം.സി. റോഡുമായി ഒരു സ്ഥലത്തും പുതിയ പാത സന്ധിക്കുന്നില്ലാത്തതിനാൽ ഗതാഗതക്കുരുക്കുകൾക്ക് പദ്ധതി വലിയ ആശ്വാസമാകും.
'പദ്ധതിയെക്കുറിച്ച് ചർച്ചചെയ്യുന്നതിന് ഇടുക്കി പർലമെന്റ് മണ്ഡലത്തിലെ പദ്ധതി പ്രദേശങ്ങളിലെ ജനപ്രതിനിധികളുടെയും നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുടെയും ഒരു മീറ്റിംഗ് ഉടൻ വിളിച്ചുകൂട്ടും. ഇക്കാര്യം എൻ.എച്ച്.എ.ഐ പ്രൊജ്ര്രക് ഡയറക്ടർ പി. പ്രദീപിനെ അറിയിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളിലായി ഓരോ ഓഫീസ് ഉൾപ്പെടെ ആറ് ജില്ലകളിലായി 6 പ്രത്യേക ഭൂമി ഏറ്റടുക്കൽ ആഫീസുകൾ തുടങ്ങുന്നതിനായി നടപടികൾ പുരോഗമിച്ചുവരികയാണ്."
-ഡീൻ കുര്യാക്കോസ് എം.പി