തൊടുപുഴ: ചുരക്കുളം എസ്റ്റേറ്റിൽ ആറ് വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് വാഴൂർ സോമൻ എം.എൽ.എയ്ക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന കള്ള പ്രചരണങ്ങൾ വിലപ്പോകില്ലെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. കേസ് രാഷ്ട്രീയവത്കരിക്കാനുള്ള കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ശ്രമം അപലയനീയമാണ്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ് നടന്നത്. ബാലികയുടെ മരണം കൊലപാതകമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് 36 മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും കുറ്റമറ്റ രീതിയിൽ അന്വേഷണം പുരോഗമിക്കുകയുമാണ്. ഇതിനിടെയാണ് അന്വേഷണത്തെ വഴി തെറ്റിക്കാനും അട്ടിമറിക്കാനുമെന്ന നിലയിൽ കോൺഗ്രസും ബി.ജെ.പിയും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നത്. മരണപ്പെട്ട കുട്ടിയുടെ പിതാവ് അന്വേഷണത്തിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ജനങ്ങൾ തിരിച്ചറിയും. എം. എൽ. എയ്ക്കെയിരെ ജനവികാരം ഉയർത്തിവിടാനുള്ള ഗൂഢശ്രമമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.