ഇടുക്കി: ഇടുക്കി- മണിയാറൻകുടി- ഉടുമ്പന്നൂർ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി വനം വകുപ്പിന്റെ അനുമതി. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി സർവേ നടപടി ഉടൻ ആരംഭിക്കാനാണ് വനംമന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകിയത്. ഇന്നലെ മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി എന്നിവരുടെ സാന്നിദ്ധ്യത്തിൽ വനംമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു തീരുമാനം. 16 കിലോമീറ്റർ ദൂരമാണ് സർവേ നടത്തുക. ഇതു പെട്ടെന്ന് പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനാണ് വനം മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. മുമ്പ് സ്ഥലം എം.എൽ.എയായ താൻ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രി ഗ്രാമീൺ റോഡ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്താത്തതിനാൽ അനുമതി ലഭിച്ചില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. തുടർന്നാണ് സർവേ നടപടി തുടങ്ങാൻ വനം മന്ത്രി നിർദേശം നൽകിയത്. നേരത്തെ എം.എൽ.എ ഫണ്ടിൽ നിന്ന് റോഷി അഗസ്റ്റിൻ ഒരു കോടി രൂപ വകയിരുത്തി റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയാക്കിയിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിന് വനം വകുപ്പിൽ നിന്ന് തുടർ അനുമതി ലഭിക്കാത്തതിനാൽ ജോലികൾ നിറുത്തിവയ്ക്കുകയായിരുന്നു. വന്യമൃഗങ്ങൾക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് അനുമതി നിഷേധിച്ചത്. എന്നാൽ 2020ലെ പ്രളയ കാലത്ത് കമ്പം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന റോഡ് ഒഴികെയുള്ള പ്രധാന റോഡുകൾ എല്ലാം നശിച്ചതോടെ ജനങ്ങൾ സംഘടിച്ചു. കുടിയേറ്റക്കാർ നടന്നുവന്ന പാതയായതിനാൽ തന്നെ ഈ വഴി റോഡ് ആകുമ്പോൾ ഒരു മരം പോലും മുറിക്കേണ്ടി വരില്ലെന്നും അവർ പറയുന്നു.