തൊടുപുഴ: നഗരത്തിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകളുടെ നിയന്ത്രണവും പരിപാലനവും നഗരസഭ ഏറ്റെടുക്കണമെന്ന് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നിർദേശം. കോൺഗ്രസ് അംഗം കെ. ദീപക്കാണ് വിഷയം നഗരസഭ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്. പത്തു വർഷം മുമ്പ് നഗരത്തിലെ നിയമലംഘനങ്ങൾ പിടികൂടാൻ 87 നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ആലുവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചതും അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതും. കൺട്രോൾ റൂം പ്രവർത്തിക്കുന്നത് തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ്. ആദ്യത്തെ ഏഴു വർഷം നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരിക്കുന്ന തൂണുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ വയ്ക്കുന്ന പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കമ്പനിയ്ക്കും പിന്നീട് നഗരസഭയ്ക്കുമെന്നായിരുന്നു കരാർ. എന്നാൽ ഏഴു വർഷം കഴിഞ്ഞതോടെ കാമറകൾ സ്ഥാപിച്ച കരാറുകാർ ഇതിൽ നിന്നും പിൻവാങ്ങി. ഇപ്പോൾ പൊലീസിനാണ് കാമറകളുടെ പൂർണ നിയന്ത്രണം. ഇതോടെയാണ് നഗരസഭ തന്നെ കാമറകളുടെ നിയന്ത്രണവും മറ്റും ഏറ്റെടുക്കണമെന്ന നിർദേശമുണ്ടായത്. നിലവിൽ ഭൂരിഭാഗം കാമറകളും പ്രവർത്തരനരഹിതമാണ്. ഈ സാഹചര്യത്തിൽ കാമറകളുടെ തകരാർ പരിഹരിച്ച് പരസ്യവരുമാനം നഗരസഭയ്ക്ക് ലഭിക്കത്തക്ക വിധം ഇവ ഏറ്റെടുക്കണമെന്നാണ് കൗൺസിലർമാർ ആവശ്യപ്പെട്ടത്. അടുത്ത കൗൺസിലിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്യാമെന്ന് ചെയർമാൻ സനീഷ് ജോർജ് കൗൺസിലിനെ അറിയിച്ചു. ആശ്രയ പദ്ധതിയുടെ ഭാഗമായി നഗരസഭ നിർമിച്ചിരിക്കുന്ന ഫ്ളാറ്റ് സമുച്ചയങ്ങളിൽ അർഹതപ്പെട്ടവരാണോ താമസിക്കുന്നതെന്നതിനെ സംബന്ധിച്ചും അടച്ചിട്ടിരിക്കുന്ന ഫ്ലാറ്റുകളെകുറിച്ച് അന്വേഷിച്ചും റിപ്പോർട്ട് തയാറാക്കി അടുത്ത കൗൺസിലിൽ വയ്ക്കും. നഗരത്തിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനും കേടായ ബൾബുകൾ മാറ്റി സ്ഥാപിക്കുന്നതിനുമായി 31,67,550 രൂപയുടെ കരാറിന് കൗൺസിൽ അംഗീകാരം നൽകി. ഇ- ടെണ്ടർ വിളിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ലേലത്തിൽ വയ്ക്കുകയായിരുന്നു. ഇതിൽ കുറഞ്ഞ തുക ലേലത്തിൽ വച്ച സ്വകാര്യ വ്യക്തിയുടെ കരാർ അംഗീകരിക്കുകയായിരുന്നു.