തൊടുപുഴ: ശബരി റെയിൽവേ പദ്ധതിയുടെ കാലടി-രാമപുരം (ഒന്നാം റീച്ച്) ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് തുക 2825 കോടി രൂപ അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി സതേൺ റെയിൽവെ മാനേജർക്ക് കത്ത് നൽകി. പദ്ധതി ചിലവിന്റെ 50ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര സർക്കാർ ആവശ്യം കേരളസർക്കാർ കഴിഞ്ഞ ജനുവരി ആദ്യവാരം അംഗീകരിച്ച് കത്ത് നൽകിയിരുന്നു. കേരളം വഹിക്കേണ്ട തുകയുടെ 50ശതമാനം കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ബോർഡ് വഴി പങ്കിടാനും 2000 കോടി രൂപ പദ്ധതി നടത്തിപ്പിനായി അനുവദിക്കാനും കേരളസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

ശബരി റെയിൽവേ ലൈനിന്റെ 70 കിലോമീറ്ററിനുള്ള അതിർത്തി നിർണ്ണയിച്ച് 20 വർഷങ്ങൾക്ക് മുൻപ് കല്ലിട്ടിരിക്കുന്നതാണ്. നിർദ്ദിഷ്ട പാതയിൽ വരുന്ന ഭൂവുടമകൾക്ക് അവരുടെ ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല പദ്ധതിയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനാൽ അവർക്ക് വീടുകൾ നിർമ്മിക്കാനോ നന്നാക്കാനോ സാധിക്കുന്നുമില്ല. പ്രധാനമന്ത്രിയുടെ പ്രഗതി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ ഏക റെയിൽവേ വികസന പദ്ധതിയാണ് ശബരി റെയിൽവേ ലൈൻ. പദ്ധതി വൈകുന്നതിന് കഴിഞ്ഞ റെയിൽവേ അവലോകന യോഗത്തിൽ റെയിൽവേ സോണൽ ഓഫീസുകളെ പ്രധാനമന്ത്രി വിമർശിച്ചിരുന്നു.

രാജ്യത്തെ വിവിധ റെയിൽവേ വികസന പദ്ധതികൾക്ക് റെയിൽവേ ഗഡുക്കളായാണ് ഫണ്ട് നൽകി വരുന്നത്. ശബരി റെയിൽവേ ലൈൻ പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് (2825 കോടി രൂപ 70 കി. മീ. ഒന്നാം റീച്ച് ) കേരള റെയിൽ വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെ. ആർ. ഡി. സി. എൽ) സതേൺ റയിൽവേയ്ക്ക് സമർപ്പിച്ചിട്ടുള്ളതാണ്. ശബരി റെയിൽവേ പ്രോജ്ര്രകിന്റെ രണ്ടാം റീച്ചിന്റെ (41 കിമീ) പരിഷ്‌കരിച്ച എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ലിഡാർ സർവേ ആവശ്യമായിട്ടുള്ളതും ഇത് കെ. ആർ. ഡി. സി. എല്ലിനു നൽകിയിട്ടുള്ളതുമാണ്. ഒക്ടോബർ വരെ കേരളത്തിൽ മൺസൂൺ സീസൺ ആയതിനാൽ , ശബരി റെയിൽവേ പദ്ധതിയുടെ രണ്ടാം റീച്ചിന്റെ (41 കി.മീ) പരിഷ്‌കരിച്ച എസ്റ്റിമേറ്റ് തയ്യാറാക്കാനും സമർപ്പിക്കാനും സമയമെടുത്തേക്കാം. ഈ സാഹചര്യത്തിൽ ലഭ്യമായ ഭൂമിയിൽ പാത നിർമ്മാണം ആരംഭിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു. ഈ മാസം 19 ന് പാർലമെന്റ് മൺസൂൺ സമ്മേളനം ആരംഭിക്കുമ്പോൾ കേരളത്തിൽ നിന്നുള്ള എം.പിമാരെ ഉൾപ്പെടുത്തി കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കാണുമെന്നും ഇക്കാര്യത്തിൽ ആവശ്യമായ സമ്മർദ്ദം ചെലുത്തുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.