ഇുക്കി: ജില്ലയുടെ വികസനത്തിന് ബാങ്കുകൾക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്നും ഇടുക്കി പാക്കേജ് നടപ്പിലാക്കുമ്പോൾ ബാങ്കുകളുടെ സഹകരണം കൂടുതലായി വേണ്ടിവരുമെന്നും ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ജില്ലയിലെ കാർഷിക , വ്യവസായ മേഖലകൾക്ക് ബാങ്കുകൾ താങ്ങും തണലായും വർത്തിക്കണം . ഇന്നലെ ഓൺലൈനായി നടന്ന 2020-21 അവസാന പാദം ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ
ഇടുക്കി ജില്ല കേരളത്തിലെ മറ്റുള്ള ജില്ലകളിൽ നിന്നും വ്യത്യസ്തമാണെന്നും ആ ഒരു സമീപനം ബാങ്കുകൾ ഉപഭോക്താക്കളോട് സ്വീകരിക്കേണമെന്നും യോഗം ഉദ്ഘാടനം ചെയ്ത ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു .ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യാനുസരണം ശാഖകളോ എ ടി എം സെന്ററുകളോ സ്ഥാപിക്കാൻ ബാങ്കുകൾ മുന്നോട്ടു വരണമെന്നും എം പി അഭിപ്രായപ്പെട്ടു .
ജില്ലാ ലീഡ് ഡിസ്ട്രിക്ട് മാനേജർ രാജഗോപാലൻ സ്വാഗതം പറഞ്ഞു. റിസർവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അസീം മുഹമ്മദ്, യൂണിയൻ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ ജയദേവ് നായർ റിസർവ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫീസർ അനൂപ് ദാസ് , നബാർഡ് ഡി ഡി എം അജീഷ് ബാലു എന്നിവർ സംസാരിച്ചു..
7755.32 കോടി
വിതരണം ചെയ്തു
കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിലെ ബാങ്കുകൾ വിവിധ മേഖലകൾക്കായി 7755.32 കോടി രൂപ വിതരണം ചെയ്തു.
ഇതിൽ 5705.41 കോടി മുൻഗണന വിഭാഗത്തിനാണ് നൽകിയത് . കാർഷിക മേഖലയിൽ 3693.92 കോടിയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 922.25 കോടിയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടുന്ന മറ്റ് മുൻഗണന മേഖലയ്ക്ക് 1089.23 കോടിയും വിതരണം ചെയ്തു . 2021 മാർച്ച് മാസത്തെ കണക്കനുസരിച്ചു ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 9455.10 കോടി രൂപയും മൊത്തം വായ്പ 12307.19 കോടി രൂപയും ആണ് . ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 130.16ശതമാനം എന്നത് സംസ്ഥാനത്തു ഏറ്റവും ഉയർന്ന ശരാശരിയാണ്.