ഇടുക്കി: ജില്ലയിൽ മൾബറികൃഷിയും പട്ടുനൂൽ പുഴുവളർത്തലും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സഹായത്തോടെ സംസ്ഥാന ഗ്രാമവികസന വകുപ്പ് വഴി സിൽക്ക് സമഗ്ര പദ്ധതി നടപ്പാക്കുന്നു. 2021-22 കാലയളവിൽ ഇടുക്കി ജില്ലയിൽ 100 ഏക്കർ പുതിയ മൾബറി കൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യിടുന്നത് . മൾബറി തോട്ടം, ജലസേചനം, പുഴുവളർത്തുപുര, ഉപകരണങ്ങൾ എന്നീ മുതൽ മുടക്കിനായി ഒരേക്കർ തനിവിളയായി കൃഷി ചെയ്യുന്ന കർഷകന് രണ്ട് ലക്ഷത്തി എൺപത്തിയേഴായിരം രൂപ വരെ നിബന്ധനകൾക്ക് വിധേയമായി സബ്‌സിഡിയായി അനുവദിക്കുന്നതാണ്.കൊവിഡ് പ്രതിസന്ധി മൂലം നഷ്ടം നേരിടുന്ന വിവിധ കാർഷിക മേഖലയ്ക്ക് ആശ്വാസമാണ് സെറികൾച്ചർ മേഖലക്കുളള ഈ ധനസഹായങ്ങൾ. മൾബറിചെടി നട്ടാൽ മൂന്ന് മാസത്തിനുളളിൽ തന്നെ പുഴുവളർത്തൽ ആരംഭിച്ച് ഒരു മാസത്തിനുളളിൽ കൊക്കൂൺ വിളവെടുപ്പ് ആരംഭിക്കാം. ഇപ്പോൾ ഒരു കിലോ കൊക്കൂണിന് 350-500 രൂപ വില ലഭിക്കുന്നുണ്ട്. ചെറിയ പുഴുക്കളെ വാങ്ങുന്നതിന് ഉദുമൽപേട്ടയിലുളള കേന്ദ്രങ്ങളിൽ നിന്ന് സാധിക്കും. കൊക്കൂൺ വിപണനം തമിഴ്‌നാട് സ്റ്റേറ്റ് കൊക്കൂൺ മാർക്കറ്റിലോ, സ്വകാര്യ റീലിംഗ് യൂണിറ്റിലോ നടത്താവുന്നതാണ്. ഒരേക്കർ മൾബറി ചെടികൾ നടുന്ന ഒരു കർഷകന ഒരു വർഷം 34 ലക്ഷം രൂപ വരെ അറ്റാദായം ലഭിക്കുന്ന അത്യുത്പാദന ശേഷിയുളള മൾബറി ഇനങ്ങളും, പുഴുഇനങ്ങളുമാണ് സെൻട്രൽ സിൽക്ക് ബോർഡ് വികസിപ്പിച്ചെടുത്ത് വിതരണം നടത്തുന്നത്. ജില്ലയിൽ മറയൂർ, കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളാണ് സാദ്ധ്യതാ പഞ്ചായത്തുകളായി തിരഞ്ഞെടുത്ത് സെറികൾച്ചർ ക്ലസ്റ്റർ ആയി മുൻഗണന നൽകുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സാജു സെബാസ്റ്റ്യൻ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിൽ നേരിട്ടോ 04862 233027, 9447456547 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.