മുട്ടം: സിക്ക വൈറസ് രോഗത്തിനെതിരെ മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.സിക്ക വൈറസ്, ഈഡിസ് ഇനത്തിൽ പെട്ട കൊതുക് പരത്തുന്ന രോഗമാകയാൽ അവയുടെ ഉറവിട നശീകരണമാണ് മുഖ്യ ലക്ഷം.അതിനായി പൊതു ഇടങ്ങളിൽ ഫോഗിങ്ങ് നടത്തുവാനും വീടുകളിലും മറ്റും പുകക്കുന്നതിനായി അപരാജിത ചൂർണ്ണം വിതരണം ചെയ്യാനും ഇന്നലെ ചേർന്ന സ്റ്റിയറിങ്ങ് കമ്മറ്റി തീരുമാനിച്ചു. ഈ രോഗം ഗർഭിണികളെ ബാധിച്ചാൽ ഗുരുതരമാകും എന്നതിനാൽ പഞ്ചായത്ത് പരിധിയിലെ മുഴുവൻ ഗർഭിണികൾക്കും പ്രത്യേക സുരക്ഷ ഒരുക്കും. പതിമൂന്ന് വാർഡുകളിലുമായി 52 ഗർഭിണികളാണ് നിലവിലുള്ളത്.സിക്ക രോഗത്തെ തടയാൻ അടിയന്തിരമായി 13 വാർഡുകളിലും ജാഗ്രത സമിതികൾ വിളിച്ചു ചേർക്കും.ജാഗ്രതാ സമിതികൾ വഴി പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും പ്രതിരോധ പ്രവർത്തികളും വിശദീകരിക്കും.വീടും പരിസരവും ശുചിയാക്കി സൂക്ഷിക്കാനും കൊതുക് വളരുന്ന സാഹചര്യം പൂർണ്ണമായും ഒഴിവാക്കാനും കർശന നടപകൾ സ്വീകരിക്കും. ഞായറാഴ്ച്ച ഡ്രൈ ഡേ ആചരിക്കാനും അന്നേ ദിവസം വീടും പരിസരവും പൂർണ്ണമായും ശുചീകരിക്കാനും ഏവരുടെയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡന്റ് ഷൈജ ജോമോൻ അറിയിച്ചു.