നെടുംങ്കണ്ടം: ഉടുമ്പൻചോല താലൂക്കിലെ സി.എച്ച്.ആർ ഭൂമിയിൽ വനംവകുപ്പിന് യാതൊരു അവകാശവും ഇല്ലെന്നിരിക്കെ നിയമ വിരുദ്ധ നടപടികളുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരെ ദ്രോഹിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് കേരളാ കോൺഗ്രസ്സ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.

ബോഡിമെട്ട്, ചൊക്കനാട് പൊൻമുടി, കോട്ടല, ചെല്ലാർകോവിൽ മലനിരകൾക്കുള്ളിൽ വരുന്ന 15720 ഏക്കർ സ്ഥലമാണ് സി.എച്ച്.ആർ എന്നും, സർക്കാരിന്റെ അധീനതയി ലുള്ള കാർമം ഹിൽ റിസർവ്വ് ഏലം കൃഷിക്കായി പാട്ടത്തിന് കൊടുത്തിരിക്കുന്ന സ്ഥലമാണെന്നും വ്യക്തമാക്കുന്നുണ്ട്.

1930 കളിലുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യം വലിയ ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായപ്പോൾ ഭക്ഷ്യവസ്തുക്കളുടെ ഉത്പ്പാദനം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിപ്പോൾ മലനാട്ടിലെ ചതുപ്പുനിലങ്ങളിലേക്ക് കുടിയേറ്റം സർക്കാർ പ്രോത്സാഹിപ്പിച്ചു. വനപ്രദേശങ്ങളിൽ ധാന്യവിളകൾ കൃഷി ചെയ്യുന്നതിനായി സർക്കാർ ഉത്തരവിറക്കുകയും ഇതനുസരിച്ച് ചതുപ്പ് പ്രദേശങ്ങളും പുൽമേടുകളും കൃഷിക്കായി സർക്കാർ വിട്ടുകൊടുക്കാകയായിരുന്നു.ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന വികസന പ്രവർത്തനങ്ങളിൽ ജില്ലയിലെ മറ്റ് പ്രദേശങ്ങളേക്കാൾ മുൻപന്തിയിൽ നിൽക്കുന്ന നിരവധി ടൗൺഷിപ്പുകളും കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകളും കോളേജുകളും സ്‌കൂളുകളും ആരാധനാലയങ്ങളു എല്ലാം പ്രവർത്തിക്കുന്ന പ്രദേശത്തെയാണ് സി.എച്ച്.ആർ എന്ന പേരിൽ വനംവകുപ്പ് ഇപ്പോഴുംനിയമവിരുദ്ധമായി വേട്ടയാടുന്നത്.

.സർക്കാർ പതിച്ചു നൽകിയ പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയ മുഴുവൻ മരങ്ങളും സർവ്വ സ്വാതന്ത്രത്തോടുകൂടി ഉപയോഗിക്കാനുള്ള അവകാശം കർഷകർക്ക് നൽകണമെന്നാണ് കേരളാ കോൺഗ്രസ് (എം) ന്റെ അഭിപ്രായമെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.