10 വീടുകൾ പൂർണമായും 35 വീടുകൾ ഭാഗികമായും തകർന്നു
തൊടുപുഴ: കോടിക്കുളത്ത് രണ്ട് വാർഡുകളിലായുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. 10 വീടുകൾ പൂർണമായും 35 വീടുകൾ ഭാഗികമായും തകർന്നു. പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ഉൾപ്പെടുന്ന പടി. കോടിക്കുളം ഭാഗത്താണ് നാശനഷ്ടം ഉണ്ടായത്. ഹെക്ടർ കണക്കിന് കൃഷിയിടങ്ങളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ആറ്റുപുറത്ത് സെയ്ദുമുഹമ്മദ്, പള്ളത്തുപറമ്പിൽ നൗഷാദ്, ചെറുതോട്ടിൻകരയിൽ അരുൺ, ആവിക്കൽ എ.പി.മാത്യു, കടുവാക്കുഴിയിൽ ദിവ്യ ശിവൻ, മേക്കുന്നേൽ ജോസ് ആഗസ്തി, പഴയവീട്ടിൽ കൃഷ്ണൻകുട്ടി, ചെറുതോട്ടിൻകരയിൽ രാധാകൃഷ്ണൻ, പുഴക്കര അഷറഫ്, പുഴക്കര ഉമ്മർഫറൂഖ് എന്നിവരുടെ വീടുകളാണ് പൂർണമായും തകർന്നത്. ചെറുപറമ്പിൽ പോൾ, പാടത്തനാട്ട് സുലൈമാൻ, തിലങ്ങാത്തോട്ടിയിൽ ഷെഫീഖ്, പുത്തൻപുരയ്ക്കൽ മനോജ്, പുതുപ്പറമ്പിൽ ബീന ശശി, ഉറുമ്പനാൽ വിജയമ്മ, മാട്ടയിൽ സുലൈമാൻ, പൂണോത്തൊട്ടിയിൽ മുഹമ്മദ്, കൈതയ്ക്കൽ സൈദാലി, ജാരത്തിങ്കൽ യൂസഫ്, തൈയിൽ ജാഫർ, തുരുത്തേൽ ഖദീജ, ആറ്റുപുറത്ത് സുനീർ, വനജ രമേശ്, തേക്കനാൽ ശശിധര കൈമൾ, കതിരംകുന്നേൽ കരി, പാറച്ചാലിൽ അസീസ്, പുഴക്കരയിൽ സബിത, കുന്നേൽ ശശി, മേക്കുന്നേൽ ജോയി, വിരിപ്പിൽ ശിവൻ എന്നിവരുടെ വീടുകൾക്ക് കേടുപാടുണ്ടായി. പല വീടുകളുടെയും മേൽക്കുര കനത്ത കാറ്റിലും മഴയിലും തകർന്നു. കാവനാപറമ്പിൽ ശശിയുടെ കോഴിഫാം പൂർണമായും തകർന്നു. 5500 കോഴിക്കുഞ്ഞുങ്ങൾ ഫാമിലുണ്ടായിരുന്നു. ഇവയിൽ ഭൂരിഭാഗവും ചത്തു. വാഴക്കാലാ സെന്റ് മേരീസ് പള്ളിയ്ക്കു മുകളിലേക്ക് മരം വീണ് കുരിശിനു കേടുപാടു സംഭവിച്ചു.
ഇതിന് പുറമേ കുമാരമംഗലം വില്ലേജിലും ഒരു വീട് തകർന്നിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയുമുണ്ടായത്. പലരുടെയും വീടുകൾക്ക് മേലെ കൂറ്റൻ മരങ്ങൾ കടപുഴകി വീണു. ഇതുമൂലം വീടിന്റെ മേൽക്കൂരയ്ക്ക് പുറമെ ഭിത്തിയുൾപ്പെടെ തകർന്ന് വീണു. ഇങ്ങനെയാണ് ചില വീടുകൾ പൂർണമായും തകർന്നത്. നിരവധി വീടുകളുടെ മേൽക്കൂരയും കാറ്റിൽ നിലം പൊത്തി. വൻ ശബ്ദത്തോടെയുള്ള കാറ്റായാതിനാൽ മിക്ക വീടുകളിലും ആളുകൾ ഉണർന്നിരുന്നു. ഇതിനാൽ പലരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വലിയ മരങ്ങൾ വീണ് പ്രദേശത്തേക്കുള്ള റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും പൂർണമായും തടസപ്പെട്ടു. സംഭമറിഞ്ഞ ഉടൻ തന്നെ തൊടുപുഴയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം നടത്തി. സീനിയർ ഫയർ ആഫീസർമാരായ ടി.ഇ. അലിയാർ, കെ.എ. ജാഫർ ഖാൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആഫീസർമാരായ ബിൽസ് ജോർജ്, ഡി. മനോജ് കുമാർ, ബിപിൻ എ. തങ്കപ്പൻ, കെ.ബി. ജിനീഷ് കുമാർ, വി.എസ്. അജയകുമാർ, ടി.കെ. വിവേക്, എം.എൻ. അയൂബ്, ഡി. അഭിലാഷ്, ഷൗക്കത്തലി നവാസ്, സ്റ്റോജൻ ബേബി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. തടസപ്പെട്ട വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മാറ്റി താമസിപ്പിച്ചു
പൂർണമായും തകർന്ന വീടുകളിലെ താമസക്കാരിൽ ചിലർ ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിക്കുകയാണ്. ഏതാനും ചില വീടുകൾക്ക് കോടിക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ താത്കാലിക മേൽക്കൂര സ്ഥാപിച്ചു.
നാശനഷ്ടങ്ങൾ വിലയിരുത്തി
നാശ നഷ്ടങ്ങൾ സംഭവിച്ച സ്ഥലം ഡീൻ കുര്യാക്കോസ് എം.പി സന്ദർശിച്ചു. തൊടുപുഴ തഹസിൽദാർ കെ.എം. ജോസുകുട്ടിയുടെ നേതൃത്വത്തിൽ കോടികുളം വില്ലേജ് ആഫീസർ സാറ്റിക്കുട്ടി, നൈസൻ നൈനാൻ, മണിലാൽ, വിഷ്ണു നാരായണൻ, ബിജുമോൻ, സുരേഷ് എന്നിവരടങ്ങിയ റവന്യൂ സംഘം തകർന്ന വീടുകളിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുരേഷ് കുമാർ, വൈസ് പ്രസിഡന്റ് രമ്യ മനു, പഞ്ചായത്തംഗങ്ങളായ ഹലീമ നാസർ, ഷൈനി സുനിൽ, ബിന്ദു പ്രസന്നൻ, ജെർലി റോബിൻ, ഷേർളി ആന്റണി, പോൾസൺ മാത്യു എന്നിവരുടെ നേതൃത്വത്തിൽ നാശനഷ്ടം സംഭവിച്ച വീടുകളിലെത്തി രക്ഷാ പ്രവർത്തനങ്ങൾ നടത്തി.