കിറ്റുകളിൽ 20 ഗ്രാം വീതം ഏലയ്ക്ക നൽകാൻ സർക്കാർ തീരുമാനം
കട്ടപ്പന: ഓണക്കിറ്റിൽ ഏലയ്ക്ക നൽകാനുള്ള സർക്കാർ തീരുമാനം ഏലം കർഷകർക്ക് ആശ്വാസകരമാകും. ഒരു കിറ്റിൽ ഇരുപത് ഗ്രാം വീതം നൽകുന്നതിനായി 2 ലക്ഷത്തോളം കലോഗ്രാം ഏലയ്ക്ക ഇടുക്കിയിൽ നിന്നു സംഭരിക്കും. സംസ്ഥാനത്തെ 90 ലക്ഷത്തോളം വരുന്ന ഓണക്കിറ്റുകളിലാണ് പായസം മിക്‌സിനൊപ്പം ഏലയ്ക്കയും നൽകാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാർ തീരുമാനത്തിന്റെ പ്രതിഫലനം സ്‌പൈസസ് ബോർഡിന്റെ ഏലയ്ക്ക ഇ ലേലത്തിലും പ്രകടമായി. ഇന്നലെ നടന്ന ലേലങ്ങളിൽ ശരാശരി വില കലോഗ്രാമിന് 1100 രൂപ കടന്നു. കഴിഞ്ഞ പൊങ്കലിന് തമിഴ്‌നാട് സർക്കാർ നൽകിയ കിറ്റിലും ഇടുക്കിയിൽ നിന്ന് സംഭരിച്ച 5 ഗ്രാം വീതം ഏലയ്ക്ക നൽകിയിരുന്നു. 50 ഗ്രാം വീതം ഏലയ്ക്ക കിറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രി, കൃഷി മന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി എന്നിവർക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടർന്നാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഏലയ്ക്കയുടെ സംഭരണവും പായ്ക്കിംഗും സംബന്ധിച്ച് വകുപ്പുതലത്തിൽ പിന്നീട് തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിൽ പൊങ്കൽ ഉത്സവകാലത്ത് റേഷൻ കാർഡുടമകൾക്ക് വിതരണം ചെയ്യുന്ന പൊങ്കൽ കിറ്റിൽ(പൊങ്കൽ പരിസ്) ഇടുക്കിയിൽ നിന്നു സംഭരിക്കുന്ന ഏലയ്ക്കായാണ് നൽകുന്നത്. കഴിഞ്ഞ തവണ 150 ടൺ ഏലയ്ക്ക ഇതിനായി സംഭരിച്ചിരുന്നു.
സർക്കാർ തീരുമാനം വന്നതിന് പിന്നാലെ ഏലത്തിന്റെ ആഭ്യന്തര വിപണികളിലും വിലയുയർന്നു.