ചെറുതോണി: ഭക്ഷ്യ കിറ്റിൽ ഏലക്കാ ഉൾപ്പെടുത്താനുളള സർക്കാർ തീരുമാനത്തെ അഭിനന്ദിക്കുന്നതായി കർഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വർഗീസ് , സെക്രട്ടറി എൻ. വി. ബേബി എന്നിവർ വാർത്താ കുറിപ്പിൽ പറഞ്ഞു. അരലക്ഷത്തോളം വരുന്ന ജില്ലയിലെ ഏലം കർഷകർക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് സർക്കാരിൽ നിന്നും ഉണ്ടായിട്ടുളളത്. ഓണം ,റംസാൻ,വിഷു, ഈസ്റ്റർ കിറ്റുകളിലാണ് 20 ഗ്രാം ഏലക്കാ വീതം ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുളളത്. ഒന്നരലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന ഏലം മേഖല വിലത്തകർച്ച മൂലം പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ആശ്വാസ തീരുമാനം ഉണ്ടായിട്ടുളളത്. ഇടുക്കിയിലെ കർഷകരോട് എക്കാലവും അനുകൂല നിലപാടുകൾ സ്വീകരിച്ചിട്ടുളള ഇടതുപക്ഷ സർക്കാരിന് ജില്ലയിലെ മുഴുവൻ കർഷകരുടേയും പേരിൽ അഭിവാദ്യം അർപ്പിക്കുന്നതായി കർഷക സംഘം നേതാക്കൾ പറഞ്ഞു.