ഇടുക്കി :മെഡിക്കൽ കോളേജിൽ എത്തിച്ചിട്ടുള്ള ആധുനിക പരിശോധനാ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാക്കുന്നതിന് വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് മുൻഗണന നൽകുമെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ് പറഞ്ഞു. ജില്ലാ കലക്ടറായി ചുമതല ഏറ്റശേഷം മെഡിക്കൽ കോളേജ് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് ജില്ലാ കലക്ടർ ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാവിലെ മെഡിക്കൽ കോളേജിലെത്തിയ ജില്ലാ കലക്ടറെ പ്രിൻസിപ്പാൾ ഡോ. എം. എച്ച്അബ്ദുൾ റഷീദ് , ആർ. എം .ഒ ഡോ. എസ്. അരുൺ, ജനറൽ ഫിസിഷ്യൻ ഡോ. വി. ദീപേഷ്, ഡി .പി .എം ഡോ. സുജിത് സുകുമാരൻ, പി.ആർ.ഒ മറീന ജോർജ് എന്നിവർ ചേർന്ന് സ്വീകരിച്ചു. മെഡിക്കൽ കോളേജ് അക്കാദമിക് ബ്ലോക്ക്, വിവിധ വകുപ്പുകൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെല്ലാം രണ്ടു മണിക്കൂറോളം നടന്ന് കണ്ട് സ്ഥിതിഗതി മനസ്സിലാക്കി. ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ എന്നിവർ കലക്ടർക്കൊപ്പം ഉണ്ടായിരുന്നു.