തൊടുപുഴ: മുഖ്യമന്ത്രി കട്ടപ്പനയിലെത്തി പ്റഖ്യാപിച്ച 12,​000 കോടി രൂപയുടെ ഇടുക്കി പാക്കേജ് ജലരേഖയാകില്ലെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി പ്രസ്ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവതലസ്പർശിയായ ജില്ലയുടെ സമഗ്രമേഖലകൾക്കും ഉണർവേകുന്ന പാക്കേജ് നടപ്പിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ സജ്ജമാക്കും. ഇക്കാര്യം ജില്ലാ കളക്ടറോട് സംസാരിച്ചിട്ടുണ്ട്. പുതിയതായി ചുമതലയേറ്റെടുത്ത ജില്ലാ വികസന കമ്മിഷണ‍ർ പാക്കേജ് നടപ്പിലാക്കുന്നതിന് കൂടി വേണ്ടി ചുമതലയേറ്റ ഉദ്യോഗസ്ഥനാണ്. പാക്കേജ് നടപ്പിലാക്കുന്നതിലൂടെ ഇടുക്കി മെഡിക്കൽ കോളേജടക്കമുള്ള ആരോഗ്യമേഖലയുടെ വികസനം, കാർഷികമേഖലയുടെ സമഗ്ര പുരോഗതി,​കായികരംഗത്തിന്റെയും​ വിനോദസഞ്ചാര മേഖലയുടെ വികസനം എന്നിവ സാധ്യമാകും. പാക്കേജ് വെറുമൊരു പണസമാഹാരണമല്ല. വിവിധ വകുപ്പുകളിലൂടെ ഇപ്പോൾ നടക്കുന്ന പദ്ധതികളും പാക്കേജിന്റെ ഭാഗമാണ്. ഏലം കർഷകരെ സഹായിക്കുന്നതിനായി തന്റെ നിർദേശപ്രകാരം ഓണക്കിറ്റിൽ ഏലയ്ക്കാ കൂടി ഉൾപ്പെടുത്തി. 87 ലക്ഷം കിറ്റുകളിലായി രണ്ട് ലക്ഷത്തിനടുത്ത് കിലോ ഏലയ്ക്ക നൽകുമ്പോൾ സ്വാഭാവികമായും വില വർദ്ധനവുണ്ടാകും. കോടിക്കുളത്ത് കാറ്റിലും മഴയിലും നാശമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ആർക്കും അപകടമൊന്നും ഉണ്ടാകാത്തത് ഭാഗ്യംകൊണ്ട് മാത്രമാണ്. റവന്യൂ മന്ത്രിയുടെയും ജില്ലാ കളക്ടറുടെയും ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. അടിയന്തരമായി സ്പെഷ്യൽ പാക്കേജായി കണ്ട് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി മെഡിക്കൽ കോളേജിൽ സെപ്തംബറോട് കൂടി വീണ്ടും ക്ലാസുകൾ തുടങ്ങാനാകുമെന്നാണ് കരുതുന്നത്. കെട്ടിടനിർമാണമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഇതോടൊപ്പം വികസിപ്പിക്കും. മരംമുറിയുമായി ബന്ധപ്പെട്ട് കർഷകർക്ക് ഒരു ആശങ്കയും വേണ്ടെന്നും കർഷകരോടൊപ്പം നിൽക്കുന്ന സർക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.