13 ഇടത്ത് പൂർണ ഇളവുകൾ, 25 ഇടത്ത് ഭാഗിക ഇളവുകൾ
തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ഇനിയുള്ള ഏഴ് ദിവസം ജില്ലയിലെ നാല് തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ. ടി.പി.ആർ നിരക്ക് 15ന് മുകളിലുള്ള മാങ്കുളം, കഞ്ഞിക്കുഴി, പെരുവന്താനം, ആലക്കോട് എന്നീ പഞ്ചായത്തുകളാണ് സമ്പൂർണമായും അടച്ചിടുക. 13 തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ ഇളവുകളും 25 തദ്ദേശസ്ഥാപനങ്ങൾക്ക് ഭാഗിക ഇളവുകളും ലഭിക്കും. എ, ബി, സി വിഭാഗങ്ങളിൽ പ്രവർത്തനാനുമതിയുള്ള കടകളും സ്ഥാപനങ്ങളും രാത്രി 8 മണി വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. ജില്ലയിൽ എ വിഭാഗത്തിൽ 13, ബിയിൽ 25, സിയിൽ 12, ഡി യിൽ നാല് എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങളാണ് ഒടുവിൽ കണക്കാക്കിയ ടി.പി.ആർ പ്രകാരം ഉൾപ്പെടുക. ഈ മാസം 21 വരെയാണ് ഈ രീതി. ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 ന് മുകളിൽ ടി.പി.ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. എ, ബി, സി, ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു.
വിഭാഗം എ (ടി.പി.ആർ അഞ്ചിൽ താഴെ)
മൂന്നാർ, കാന്തല്ലൂർ, വട്ടവട, കാഞ്ചിയാർ, കാമാക്ഷി, പീരുമേട്, വണ്ടിപ്പെരിയാർ, മുട്ടം, ബൈസൺവാലി, ഇരട്ടയാർ, ചിന്നക്കനാൽ, ശാന്തമ്പാറ, ഇടമലക്കുടി
വിഭാഗം ബി (ടി.പി.ആർ 5- 10ശതമാനം)
പള്ളിവാസൽ, വെള്ളത്തൂവൽ, മറയൂർ, ദേവികുളം, വാഴത്തോപ്പ്, അയ്യപ്പൻകോവിൽ, കൊന്നത്തടി, കട്ടപ്പന, വാത്തിക്കുടി, മരിയാപുരം, ഏലപ്പാറ, ഉപ്പുതറ, കൊക്കയാർ, കുമളി, കോടിക്കുളം, അറക്കുളം, കരിങ്കുന്നം, തൊടുപുഴ, ഉടുമ്പന്നൂർ, പുറപ്പുഴ, ചക്കുപള്ളം, ഉടുമ്പഞ്ചോല, കരുണാപുരം, വണ്ടന്മേട്, രാജാക്കാട്
വിഭാഗം സി (ടി.പി.ആർ 10- 15ശതമാനം)
അടിമാലി, വെള്ളിയാമറ്റം, മണക്കാട്, കുമാരമംഗലം, വണ്ണപ്പുറം, ഇടവെട്ടി, കരിമണ്ണൂർ, കുടയത്തൂർ, രാജകുമാരി, പാമ്പാടുംപാറ, നെടുങ്കണ്ടം, സേനാപതി.
വിഭാഗം ഡി (15ന് മുകളിൽ)
മാങ്കുളം, കഞ്ഞിക്കുഴി, പെരുവന്താനം, ആലക്കോട്