തൊടുപുഴ: ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലയ്ക്ക് റെക്കാ‌ഡ് ജയം. 99.38 ആയി വിജയ ശതമാനം ഉയർന്നു. കഴിഞ്ഞവർഷം ഇത് 99.23 ശതമാനമായിരുന്നു. പരീക്ഷയെഴുതിയ 11267 വിദ്യാർത്ഥികളിൽ 11197 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 99.35ഉം കട്ടപ്പനയിൽ 99.4ഉം ആണ് വിജയ ശതമാനം. ജില്ലയിൽ 2785 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 5824 ആൺകുട്ടികളും 5443 പെൺകുട്ടികളുമാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതിൽ 5774 ആൺകുട്ടികളും 5423 പെൺകുട്ടികളും ഉപരിപഠനത്തിന് യോഗ്യത നേടി. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷ എഴുതിയ 6363 വിദ്യാർഥികളിൽ 6325 പേരും തൊടുപുഴയിൽ പരീക്ഷ എഴുതിയ 4904ൽ 4872 പേരും ഉപരിപഠനത്തിന് യോഗ്യരായി. തൊടുപുഴയിൽ 429 ആൺകുട്ടികൾക്കും 926 പെൺകുട്ടികൾക്കും കട്ടപ്പനയിൽ 491 ആൺകുട്ടികൾക്കും 939 പെൺകുട്ടികൾക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

123 സ്‌കൂളുകൾക്ക് നൂറ് മേനി
ജില്ലയിൽ നൂറു ശതമാനം വിജയം നേടിയത് 123 സ്‌കൂളുകൾ. ഇവയിൽ 54 എണ്ണം സർക്കാർ സ്‌കൂളുകളും 59 എണ്ണം എയ്ഡഡും പത്തെണ്ണം അൺ എയ്ഡഡുമാണ്. ഏറ്റവുമധികം വിദ്യാർത്ഥികളെ എസ്. എസ്. എൽ.സി.പരീക്ഷക്കിരുത്തി 83 ഫുൾ എ പ്ലസുകളുമായി 100 ശതമാനം വിജയം നേടി കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ജില്ലയിൽ വീണ്ടും ഒന്നാമത്. ഈ വർഷം 356 വിദ്യാർത്ഥികളാണ് കല്ലാർ സ്‌കൂളിൽ പരീക്ഷ എഴുതിയത്. 177 ആൺകുട്ടികളും 179 പെൺകുട്ടികളും. ഇവരിൽ 44 പേർ ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരുമായിരുന്നു. കഴിഞ്ഞ വർഷം 37 ഫുൾ എ പ്ലസ് എന്നത് ഈ വർഷം 83 ആയി ഉയർന്നു.