ഇടുക്കി : സിമന്റ് ഇഷ്ടികകൾക്ക് പകരം വരാൻ പോകുന്നത് പ്ലാസ്റ്റിക് ഹോളോബ്രിക്‌സുകളുടെ കാലം... ജൈവവളം വിപണിയിലെത്തിച്ച് വണ്ടിപ്പെരിയാറിലെ ഹരിത കർമ്മസേനാംഗങ്ങളാണ് ജില്ലയിലാദ്യമായി ഇത്തരമൊരു സംരംഭത്തിനും തുടക്കം കുറിച്ചിരിക്കുന്നത്. ജൈവവള നിർമ്മാണ യൂണിറ്റിലാണ് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിച്ച ഹോളോബ്രിക്‌സുകൾ നിർമ്മിച്ചത്. യൂണിറ്റിലെ ടെക്‌നിഷ്യൻ ലിജോ തമ്പിയുടെയും ഹരിതകർമ്മ സേനയുടെ കൺസോർഷ്യം അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു നിർമ്മാണം. ഇതിന്റെ ഗുണമേന്മ വിലയിരുത്തുന്നതിനായി എൻജീനീയറിംഗ് കോളജുകളെ സമീപിക്കാനൊരുങ്ങുകയാണ് വണ്ടിപ്പെരിയാറിലെ ഹരിതകേരളം പ്രവർത്തകർ.
പ്രചോദനമായത് യു ട്യൂബ് വീഡിയോ...
പ്ലാസ്റ്റിക്കും മണലും ചേർത്ത് തറയോടുകളും ഹോളോബ്രിക്‌സുകളും ഉണ്ടാക്കുന്ന ദക്ഷിണാഫ്രിക്കയിലെ കാമറൂണിൽ നിന്നുള്ള യുട്യൂബ് വീഡിയോയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഹരിതകർമ്മ സേനാംഗങ്ങൾ ഇത്തരമൊരു പരീക്ഷണം നടത്തിയത്. പ്ലാസ്റ്റിക്കുകളും മറ്റും ഉരുക്കി അതിലേയ്ക്ക് മണൽ ചേർത്ത് ഇളക്കി യോജിപ്പിച്ച് അച്ചുകളിലൊഴിച്ച് ഹോളോബ്രിക്‌സുകളുണ്ടാക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഉറപ്പുണ്ടെങ്കിലും സിമന്റുമായി ചേരുമോയെന്ന സംശയം ചില മേസ്തിരിമാർ ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും ഇതിന്റെ ഉറപ്പുമൊക്കെയാണ് ഇനി പരീക്ഷിച്ചറിയേണ്ടത്.
അടുത്തതായി തറയോടുകളും ടൈലുകളുമാണ് പ്ലാൻ ചെയ്യുന്നതെന്ന് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുൻ ബിഡിഒയും ജില്ലാ ആസൂത്രണ സമിതി അംഗവുമായ എം ഹരിദാസ് പറഞ്ഞു. ഇദ്ദേഹത്തിന്റെ പ്രോൽസാഹനത്തിലാണ് ഹരിതകർമ്മ സേനാ കൺസോർഷ്യം ഇത്തരത്തിലൊരു നൂതന സംരംഭം ആലോചിച്ചതെന്ന് പ്രസിഡന്റ് ലില്ലിക്കുട്ടി തമ്പി, സെക്രട്ടറി മല്ലിക സെൽവകുമാർ എന്നിവർ പറഞ്ഞു. കോട്ടയത്തോ തിരുവനന്തപുരത്തോ എൻജിനീയറിംഗ് കോളജുകളുടെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഈ പ്ലാസ്റ്റിക്ക് കട്ടകളെത്തിച്ച് അവയുടെ ഗുണമേന്മയെക്കുറിച്ച് അറിഞ്ഞതിന് ശേഷമാകും തുടർപ്രവർത്തനങ്ങളുണ്ടാവുകയെന്ന് എം ഹരിദാസ് പറഞ്ഞു.