തൊടുപുഴ : ജില്ലയിൽ അധികം അറിയപ്പെടാതെ പോകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം മാപ്പ് ഒരുങ്ങുന്നു. ഇതിനായി ഓരോ പഞ്ചായത്തിൽ നിന്നും ചുരുങ്ങിയത് ഒരു പ്രദേശത്തെയെങ്കിലും കണ്ടെത്തി നൽകാൻ ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. ജില്ലയിലെത്തിയ അദ്ദേഹം ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദ്ദേശം നൽകിയത്.വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒന്നിൽ കൂടുതലുള്ള പഞ്ചായത്തുകൾക്ക് ആ വിവരങ്ങളും നൽകാം. ഇവിടേക്കുള്ള യാത്രാ മാർഗങ്ങൾ, സൗകര്യങ്ങൾ എന്നിവയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ റിപ്പോർട്ടായിരിക്കും നൽകേണ്ടത്. ടൂറിസം വകുപ്പ് പുറത്തിറക്കുന്ന പുതിയ ടൂറിസം ആപ്ലിക്കേഷനിലും ജില്ലയിലെ ഈ ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പെടുത്തും. സ്വദേശത്തും വിദേശത്തു നിന്നുമുള്ള കൂടുതൽ വിനോദസഞ്ചാരികളെ ഇടുക്കിയുടെ സൗന്ദര്യത്തിലേക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി തൊടുപുഴയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മാരിയിൽ കലുങ്ക് പാലം:

മന്ത്രി റിപ്പോർട്ട് തേടി

തൊടുപുഴയുടെ വികസനത്തിൽ നിർണായക സാധ്വീനം ചെലുത്തിയേക്കാവുന്ന മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് റിപ്പോർട്ട് തേടി. ഇതിനു പിന്നാലെ ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കുമൊപ്പം അദ്ദേഹം പാലവും അപ്രോച്ച് റോഡിന് ഏറ്റെടുത്ത സ്ഥലവും സന്ദർശിച്ചു.തുടർന്ന്, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസം ഉടൻ പരിഹരിക്കാൻ അദ്ദേഹം തൊടുപുഴയിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പാലം പൂർത്തിയാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.