തൊടുപുഴ: വെള്ളിയാമാറ്റം പഞ്ചായത്തിലെ ഇളംദേശത്ത് പാർട്ടിക്കിൾ ബോർഡ് ഫാക്ടറി സ്ഥാപിക്കാൻ പഞ്ചായത്ത് തടസം നിൽക്കുന്നുവെന്ന ആരോപണവുമായി സംരംഭകർ രംഗത്ത്. ഇരുന്നൂറ് പേർക്ക് നേരിട്ടും ആയിരത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം സമർപ്പിച്ചിട്ടും കഴിഞ്ഞ മൂന്നുവർഷമായി പഞ്ചായത്ത് അനുമതി നൽകുന്നില്ലെന്ന് കോതമംഗലം സ്വദേശികളും സംരംഭകരുമായ കെ.വി പരീത്, പി. എം അബൂബക്കർ, പ്രവാസി വ്യവസായി കെ.എ യൂസുഫ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
വിറക് അടിസ്ഥാന വസ്തുവായി ഉപയോഗിക്കുന്ന പാർട്ടിക്കിൾ ബോർഡ് നിർമാണ യൂണിറ്റാണിത്. അസംസ്‌കൃത വസ്തുക്കൾ പുറമെ നിന്നും വാങ്ങിയാണ് എത്തിക്കുന്നത്. ഇതിന് സമാനമായ യൂണിറ്റ് പെരുമ്പാവൂർ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. വെള്ളിയാമറ്റം പഞ്ചായത്തിലെ കഴിഞ്ഞ ഭരണാസമിതി അംഗങ്ങൾ, സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥർ എന്നിവർ ഈ യൂണിറ്റ് സന്ദർശിച്ചു പ്രവർത്തനങ്ങൾ മനസ്സിലാക്കിയതാണ്.
മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻഡ് ബോയ്‌ലർസ്, ഫയർ ആൻഡ് സേ്ര്രഫി എന്നിവരുടെ നിരക്ഷേപ പത്രങ്ങൾ അടക്കം പഞ്ചായത്തിന് കൈമാറിയിയിട്ടുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ അനുമതി മാത്രംലഭിക്കുന്നില്ല.

റവന്യു അനുമതിയും

മലിനീകരണവും പ്രശ്‌നം

ഫാക്ടറിക്ക് റവന്യു വകുപ്പിന്റെ എൻ.ഒ.സി ലഭിക്കാത്തതാണ് പ്രധാന തടസം. മാത്രമല്ല, മലിനീകരണമുണ്ടാകുമെന്ന ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവരുടെ ആശങ്ക പരിഹരിക്കാതെ പഞ്ചായത്ത് ഭരണസമിതിക്ക് അനുമതി നൽകാനാവില്ല. അതുകൊണ്ട് തന്നെ സമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പദ്ധതിക്ക് എതിരാണ്. മാത്രമല്ല ഒട്ടേറെ കുടിവെള്ള പദ്ധതികൾ സ്ഥിതി ചെയ്യുന്ന വടക്കനാറിന് സമീപത്താണ് ഫാക്ടറി വരുന്നത്. ഇത് ജലം മലിനമാക്കുമോ എന്ന ആശങ്കയും ജനങ്ങള്ക്കുണ്ട്. ചുറ്റും മലനിരകളാല് മൂടപ്പെട്ട പഞ്ചായത്തിൽ പുറത്തേക്ക് തള്ളുന്ന പുക പുറത്തുപോകാതെ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാനും സാദ്ധ്യതയുണ്ട്.
ഇന്ദു ബിജു
പഞ്ചായത്ത് പ്രസിഡന്റ്
വെള്ളിയാമറ്റം