ഇടുക്കി:ജില്ലയിലെ അങ്കണവാടികളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പദ്ധതി സമർപ്പിക്കാൻ ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ജില്ലയിൽ 1561 അങ്കണവാടികളിലുള്ളതിൽ 1268 എണ്ണത്തിനേ സ്വന്തം കെട്ടിടമുള്ളു. ശേഷിക്കുന്നവ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 222 എണ്ണത്തിൽ വൈദ്യുതി ഇല്ല. ഇടമലക്കുടിയിലെ അങ്കണവാടികളിൽ നിലവിലുളള സോളാർ സിസ്റ്റം വളരെ ചെറിയതായതിനാൽ അത് മാറ്റി സ്ഥാപിക്കും. മൂന്നാർ, മറയൂർ അങ്കണവാടികളുടെ കാര്യത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്തുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ അംഗൻവാടിക്ക് അപേക്ഷ വയ്ക്കാത്ത പഞ്ചായത്തുകൾ അപേക്ഷ സമർപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. നിലവിൽ സ്ഥലമുളള അംഗൻവാടി കണ്ടെത്തിയും പുതിയതായും മോഡൽ അംഗൻവാടി സജ്ജമാക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ വികസന കമ്മീഷണർ നിർദ്ദേശിച്ചു. തോട്ടം മേഖലയിലെ കുട്ടികളുടെ സുരക്ഷയ്ക്കായിപുതിയ പദ്ധതിയ്ക്ക് ഉടൻ രൂപം നൽകുമെന്നും വികസന കമ്മീഷണർ പറഞ്ഞു.

പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളിൽ നടത്തിയ യോഗത്തിൽ ജില്ലാ പ്ലാനിംഗ് ആഫീസർ ഡോ. സാബു വർഗ്ഗീസ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, മനോജ് ഡി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, കെ.വി കുര്യോക്കോസ്, ജില്ലാ വനിത ശിശു വികന ആഫീസർ ജബീൻ ലോലിത സെയിൻ, ഡി.സി.പി.ഒ, ഇടുക്കി റെയ്ച്ചൽ ഡേവിഡ്, ജില്ലാ ശിശു സംരക്ഷണ ആഫീസർ ഗീത എം.ജി മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.