ഇടുക്കി:2018 ൽ ഉണ്ടായ പ്രളയത്തിൽ തകർന്ന പാലം പുനർനിർമ്മിക്കാനാവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.

ഉപ്പുതോട് സ്വദേശി തോമസ് ഒ ജോർജും കുടുംബവും അവരുടെ യാത്രയ്ക്കായി ഉപയോഗിച്ചിരുന്ന പാലമാണ് 2018 ലെ പ്രളയത്തിൽ തകർന്നത്. അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

വാത്തിക്കുടി പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. തകർന്ന പാലത്തിനു പകരം പരാതിക്കാരന് വീട്ടിലേക്ക് പ്രവേശിക്കാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാലം പുനർ നിർമ്മിക്കാമെന്ന് പഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. പാലത്തിന്റെ നിർമ്മാണം രണ്ടുമാസത്തിനകം പൂർത്തിയാക്കണമെന്ന് കമ്മീഷൻ ഉത്തരവ് നൽകി.