ഇടുക്കി:ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ കർശന ജാഗ്രത പാലിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ ഷീബാ ജോർജ് വിവിധ വകുപ്പുകൾക്കു നിർദ്ദേശം നൽകി.

കനത്ത കാറ്റിൽ തൊടുപുഴ പടിഞ്ഞാറേ കോടിക്കുളം മേഖലയിലുണ്ടായ നാശ നഷ്ടങ്ങളുടെ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ തൊടുപുഴ തഹസിൽദാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.റോഡരികിൽ അപകടകരങ്ങളായ മരങ്ങളും ചില്ലകളും നീക്കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് വകുപ്പുകളും ഉറപ്പു വരുത്തിയിരിക്കണം.സിക ഉൾപ്പെടെ പകർച്ചവ്യാധികൾ മുന്നിൽ കണ്ട് ജില്ലയിൽ കൊതുകുനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി.എല്ലാ പഞ്ചായത്തുകളിലും എമർജൻസി റെസ്‌പോൺസ് ടീം സജ്ജമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലെ അപകട മരങ്ങൾ സംബന്ധിച്ച് 487 പരാതികൾ ലഭിച്ചിട്ടുണ്ട്. കടവുകൾ, വെള്ളച്ചാലുകൾ ഉൾപ്പെടെ ഇടങ്ങളിൽ അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കും. മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് പഞ്ചായത്തുകൾ തയാറാക്കിക്കൊണ്ടിരിക്കുകയാണ്.ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകൾ പരിശോധിച്ച് പ്രവർത്തന ക്ഷമത ഉറപ്പാക്കിയിട്ടുണ്ട്. ചെറുതോണി ഡാമിലേക്ക് എളുപ്പത്തിൽ എത്തുന്നതിനുള്ള മെഡിക്കൽ കോളേജ് റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

ടൂറിസം കേന്ദ്രങ്ങളിലും ബോട്ടിംഗ് ഉൾപ്പെടെയുള്ള ഇടങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഡാം തുറന്നാൽ പീരുമേട് താലൂക്കിലെ നാല് വില്ലേജുകളിലായി 430 കുടുംബങ്ങളെ മാറ്റിപാർപ്പിക്കേണ്ടി വരും.കൂടാതെ ജീർണാവസ്ഥയിലായ എസ്റ്റേറ്റ് ലയങ്ങളിലുള്ളവരെ മഴ ഇനിയും ശക്തമായാൽ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് തഹസിൽദാർ അറിയിച്ചു.