ചെറുതോണി: അശാസ്ത്രീയമായ ലോക്ഡൗണിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നതിൽ കേരള റീട്ടൈൽ ഫുട്ട്ഡീലേഴ്‌സ് ഇടുക്കി ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള മദ്യം, കള്ള്, ലോട്ടറി തുടങ്ങിയ എല്ലാവിധ ബിസിനസുകൾക്കും തടസ്സമില്ലാതെ തുറന്നുപ്രവർത്തിക്കുമ്പോൾ ചെറുകിട ചെരിപ്പ് വ്യാപാരികളെയും വസ്ത്ര വ്യാപാരികളേയും സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാതെ പീഡിപ്പിക്കുകയാണ്. 2018 മുതൽ വ്യാപാരികൾ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ബാങ്കുലോണെടുത്തും, കടകൾ വാടകയ്‌ക്കെടുത്തും സ്വയം തൊഴിൽ കണ്ടെത്തി സർക്കാരിനു പ്രതിദിനം കോടിക്കണക്കിനു രൂപ നികുതിയിനത്തിൽ നൽകുന്ന വ്യാപാരികളെയാണ് ദ്രോഹിക്കുന്നത്. വ്യാപാരികൾക്ക് ഇതുവരെ സർക്കാർ ഒരാനുകൂല്യവും നൽകിയിട്ടില്ല. വിവിധയിനം നികുതികളും, ലൈസൻസ് ഫീസ്, വൈദ്യുതി ചാർജ്ജ്, വാട്ടർ ചാർജ്ജ്, വാടകയെല്ലാം ഇപ്പോൾ കുടിശ്ശികയായിരിക്കുകയാണ്. ബാങ്ക് ലോൺ കുടിശ്ശികയായതിനാൽ പലരും ജപ്തി ഭീഷണിയിലാണ്. ചെറുകിട ചെരുപ്പ് വ്യാപാരികളാണ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത്. കടകൾ തുറക്കാത്തതിനാൽ ചെരുപ്പുകൾ പൂപ്പൽ പിടിച്ചും, തണുപ്പടിച്ചും നഷ്ടപ്പെടുകയാണ്. തണുപ്പടിച്ചാൽ പലചെരുപ്പുകളും ഉപയോഗിക്കാൻ പറ്റാതാകും. സമയാസമയങ്ങളിൽ വിൽക്കാതിരുന്നാൽ മോഡൽ മാറുകയും, കളർമാറുകയും ചെയ്യും. ഇങ്ങനെയുള്ള സാധനങ്ങൾ കമ്പിനി മാറി നൽകുകയുമില്ല. ഇതു മൂലം ഓരോകടയിലും ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം കടകളും തുറക്കുമ്പോൾ ചെറുകിട ചെരുപ്പു വ്യാപാരികൾക്ക് കട തുറക്കാൻ അനുവാദം നൽകാത്തത് പ്രതിഷേധാർഹമാണെന്ന് ഓൺകേരള റീട്ടൈയിൽ ഫുട്ട്ഡീലേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.കെ രഞ്ചു, സെക്രട്ടറി അലി, ട്രഷറർ ഇ.റ്റി സതീഷ് എന്നിവരറിയിച്ചു.