തൊടുപുഴ: സ്ത്രീകൾക്കിം കുട്ടികൾക്കും വേണ്ടി വാദിക്കുകയും പ്രതികൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന കേരളത്തിലെ ഭരണകൂടത്തിന്റെയും ഭരണകക്ഷിയുടെയും ഒരുവിഭാഗം പൊലീസിന്റെയും നടപടികളാണ് അതിക്രമങ്ങൾ വർദ്ധിക്കുന്നതിന് കാരണമായി തീരുന്നതെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ഭാരവാഹികൾ പറഞ്ഞു.
കുറ്റകൃത്യങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നതും പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണമാണെന്ന് പ്രചരണം നടത്തുന്നത് കുറ്റവാളികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പൈശാചികമായ നൂറുകണക്കിന് സംഭവങ്ങളെ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞ് ന്യായീകരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ പൊതു സമൂഹത്തിന്റെ പ്രതിരോധം ഉയർന്നുവരേണ്ടതുണ്ട് ഇത്തരം ന്യായീകരണ ഭീകരതക്കെതിരെ ഹിന്ദു ഐക്യവേദി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച കളക്ട്രേറ്റ് ധർണ്ണ നടത്തുന്നതിനും ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിവേദനം നൽകുന്നതിനും തീരുമാനിച്ചു .സമരത്തിന്റെ തുടർച്ചയായി വെള്ളിയാഴ്ച ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിൽ ധർണ്ണ നടത്തും.വാർത്താ സമ്മേളനത്തിൽ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ടി.കെ.രാജു ,ജനറൽ സെക്രട്ടറി പി.ജി.ജയകൃഷ്ണൻ, ജില്ലാസഹസംഘടനാ സെക്രട്ടറി പി.ആർ.കണ്ണൻ, ജില്ലാ ട്രഷറർ എം.കെ.നാരായണമേനോൻ ,താലൂക്ക് ഭാരവാഹികളായ വി.കെ.ശ്രീധരൻ ,കെ.എസ്.സലിലൻ, പി.എസ്.തുളസീധരൻപിള്ള എന്നിവർ പങ്കെടുത്തു.