തൊടുപുഴ: മാരിയിൽകലുങ്ക് പാലത്തോടുള്ള അവഗണന അവസാനിപ്പിച്ച് അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പ് നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൽ വലിയ പ്രതീക്ഷ ഉണ്ടെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവും മുനിസിപ്പൽ കൗൺസിലറുമായ അഡ്വ ജോസഫ് ജോൺ പറഞ്ഞു. പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള ഏക തടസ്സം വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഫണ്ട് അനുവദിക്കുക മാത്രമാണ്. മുൻ സർക്കാരിന്റെ കാലത്തെ ബജറ്റിൽ ഇക്കാര്യത്തിനായി 100 രൂപ മാത്രമാണ് വകയിരുത്തിയത്. എന്നാൽ മന്ത്രി റിയാസ് ചുമതലയേറ്റതിന് ശേഷം, പി ജെ ജോസഫ് എംഎൽഎ ഇത് സംബന്ധിച്ച് നിവേദനം നൽകുകയും, നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. റവന്യു മന്ത്രി കെ രാജനും എംഎൽഎ നിവേദനം നൽകിയിരുന്നു. തൊടുപുഴയിൽ എത്തിയ പൊതുമരാമത്ത് മന്ത്രി പാലം സന്ദർശിച്ച പാശ്ചാത്തലത്തിൽ പാലം പൂർത്തീകരണ കാര്യത്തിൽ ജനങ്ങൾ കൂടുതൽ പ്രതീക്ഷയിലാണ്. വികസന കാര്യങ്ങളിൽ രാഷ്ട്രീയം നോക്കാതെ നടപടി സ്വീകരിക്കുന്ന വ്യക്തിയാണ് മന്ത്രി റിയാസ് എന്ന് 182 കോടിയുടെ മലങ്കര ടൂറിസം പദ്ധതി പി ജെ ജോസഫ് എംഎൽഎയുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമാനുമതിക്കായി കേന്ദ്ര സർക്കാരിന് സമർപ്പിച്ചതിലൂടെ കാണിച്ചിട്ടുണ്ട്. മാരിയിൽകലുങ്ക് പാലത്തിന്റെ കാര്യത്തിലും ഇതേ നയം തുടരണമെന്ന് പാലം സ്ഥിതി ചെയ്യുന്ന വാർഡിന്റെ കൗൺസിലർ കൂടിയായ ജോസഫ് ജോൺ ആവശ്യപ്പെട്ടു.