ഇടുക്കി: വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്ന പ്രവണതക്ക് മാറ്റം കൊണ്ടുവരാനുള്ള വലിയ ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. മറയൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആവശ്യമായ വൈദ്യുതിയുടെ മുപ്പത് ശതമാനം മാത്രമെ സംസ്ഥാനത്തുൽപാദിപ്പിക്കുന്നുള്ളു. ബാക്കി എഴുപത് ശതമാനം പുറത്ത് നിന്ന് വാങ്ങുകയാണ്. ഈ രീതിയിൽ കൂടുതൽ കാലം മുമ്പോട്ട് പോകാനാവില്ല.വിവിധ ജല വൈദ്യുതി പദ്ധതികളുടെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. അവ പൂർത്തീകരിക്കപ്പെട്ടാൽ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനാകും. വൈദ്യുതി ഇനിയും ലഭ്യമാകാത്ത ആദിവാസി മേഖലകളിലടക്കം വൈദ്യുതി എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായി.
ചടങ്ങിൽ അഡ്വ. എ രാജ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻഞ്ചിനിയർ മനോജ് ഡി, ചീഫ് എഞ്ചിനിയർ ടെൻസൺ എം എ, മൂന്നാർ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ലളിതാ കെ എൻ, മുൻ എം എൽ എ എസ് രാജേന്ദ്രൻതുടങ്ങിയവർ പങ്കെടുത്തു.