ഇടുക്കി: ജില്ലയിൽ കൊവിഡിനൊപ്പം മറ്റ് പകർച്ചവ്യാധികളുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ മുൻകരുതൽ നടപടികളും ബോധവത്കരണ പ്രവർത്തനങ്ങളും ശക്തമാക്കും.ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ ഷീബാ ജോർജ് വിളിച്ചു ചേർത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലാണ് ഈ തീരുമാനം.
ഡെങ്കി പോലെ മഴക്കാല രോഗങ്ങളുടെ സാന്നിദ്ധ്യം ജില്ലയിൽ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ കൊതുകുനിവാരണ, ബോധവത്കരണ പ്രവർത്തനങ്ങൾ എല്ലായിടങ്ങളിലും ഊർജിതമാക്കണം. ഡ്രൈഡേ പാലിച്ചുകൊണ്ട് മാലിന്യ നിർമാർജനം കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. പീരുമേട്ടിലെ തോട്ടം മേഖലയിൽ ഡെങ്കിപനി റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് തഹസിൽദാർക്ക് നിർദ്ദേശം നൽകി.
കൊവിഡ് ചട്ടങ്ങൾ
കർശനമായി പാലിക്കണം
ടി പി ആർ നിരക്ക് കൂടുതലുള്ള ഗ്രാമപഞ്ചായത്തിലെ അദ്ധ്യക്ഷൻമാരുമായി ജില്ലാ കളക്ടർ ആശയ വിനിമയം നടത്തി. ടി പി ആർ നിരക്ക് കൂടുതലുള്ള ഇടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് ഗ്രാമപഞ്ചായത്തുകൾ ഉറപ്പു വരുത്തണം. ജില്ലയ്ക്ക് വേണ്ടത്ര വാക്‌സിൻ ലഭിക്കാത്തതിനാൽ ചിലയിടങ്ങളിൽ ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ അതില്ലാത്തയിടങ്ങളിൽ വാക്‌സിനേഷൻ നടപടികൾ ഊർജിതമാക്കണം.18 വയസിനു മുകളിലുള്ളവരെ വാക്‌സിനെടുപ്പിക്കണം. ഇതിനായി ബോധവത്കരണം കാര്യക്ഷമമാക്കണം. സെക്ടറൽ മജിസ്‌ട്രേറ്റുമാർ നിശ്ചയമായും കാര്യക്ഷമതയോടെ ജോലി നിർവഹിക്കണം. മാസ്‌ക് ധരിക്കാത്തവർക്കെതിരേ കർശന നടപടി എടുക്കുന്നതു കൂടാതെ അതത് മേഖലകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണംഎല്ലാവരും ഒത്തൊരുമയോടെ നിർവഹണ, ബോധവത്കരണ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു.