പീരുമേട്: പുതിയതായി ചുമതലയേറ്റ ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ വിവിധ പ്രദേശങ്ങളിലെ വികസനകാര്യങ്ങൾ നേരിൽകണ്ട് ആവശ്യമായ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചു. പീരുമേട് മണ്ഡലത്തിൽ നടത്തിവരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ അദ്ദേഹം നേരിട്ടെത്തി വിലയിരുത്തി. ബൊണാമി- കവക്കുളം റോഡിന്റെ നിർമ്മാണ പുരോഗതിയും ജല ജീവൻ മിഷൻ ജലവിതരണ പദ്ധതിയുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി. തോട്ടം മേഖല ഉൾപ്പെടുന്ന പ്രദേശത്തെ വിവിധ വികസന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം നാട്ടുകാരും ജനപ്രതിനിധികളുമായും ചർച്ച ചെയ്തു. തുടർന്ന് ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിൽ നടത്തിയ യോഗത്തിൽ സ്‌കൂളിൽ നടപ്പാക്കേണ്ട അടിസ്ഥാന വികസന പ്രവർത്തനങ്ങളെ പറ്റിയും സ്‌കൂളിന്റെ സമഗ്ര പുരോഗതിക്ക് വേണ്ട കാര്യങ്ങളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ധ്യാപകരും ജനപ്രതിനിധികളുമായി ചർച്ച നടത്തി. പീരുമേട് താലൂക്ക് ആശുപത്രിയിൽ പുതുതായി ആരംഭിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും ആശുപത്രിയുടെയും പ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. തുടർന്ന് പീരുമേട് താലൂക്ക് ആഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് പ്രദേശത്ത് നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളും വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ജനപ്രതിനിധികൾ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.