കുമളി : അശാസ്ത്രീയമായ ഓട നിർമ്മാണം കുമളി വലിയകണ്ടത്ത് വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇവിടെ ഓട നിർമ്മിച്ചത്. വലിയകണ്ടത്തു നിന്നും ചെളിമടയ്ക്ക് പോകുന്ന വഴിയിൽ നിർമ്മിച്ചിട്ടുള്ള ഓടയാണ് വെള്ളക്കെട്ടിന് കാരണമായത്. മുമ്പ് ഈ ഭാഗത്ത് ഓടയില്ലായിരുന്നു. അതിനാൽ തന്നെ വെള്ളം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകി പോകുമായിരുന്നു. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്ത് ഓട നിർമ്മിച്ച് കുളത്തുപാലം തോട്ടിലേക്ക് വെള്ളം ഒഴുകുന്ന കാനയുമായി ബന്ധിപ്പിക്കുകയായിരുന്നു. ഈ കാനയിൽ നിന്നുള്ള വെള്ളം പുതുതായി നിർമിച്ച ഓടയിലേക്ക് കുതിച്ചെത്തിയത് മൂലമാണ് ഇപ്പോൾ വീടുകളിൽ വെള്ളം കയറുന്നത്.റോഡിന്റെ വശത്ത് നിർമ്മിച്ച ഓടയേക്കാളും ഉയരത്തിലാണ് കുളത്തുപാലം തോട്ടിലേക്ക് വെള്ളം ഒഴുകുന്ന കാനയുള്ളത്. ഈ കാനയുടെ വാട്ടർ ലെവൽ എടുക്കാതെയാണ് പുതിയ ഓട നിർമ്മിച്ചത്. അഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഈ ഓട നിർമ്മിച്ചത്.