തൊടുപുഴ: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴയിൽ ജില്ലയിലെ സംഭരണികളിൽ ജലനിരപ്പുയർന്നു. പുഴയും തോടും നിറഞ്ഞ് കവിഞ്ഞതോടെ പടി. കോടിക്കുളം അടക്കം നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി.
വ്യാഴാഴ്ച്ച പകൽ മൂടിക്കെട്ടിയ ആകാശമായിരുന്നെങ്കിലും രാത്രിയോടെ ഒട്ടുമിക്കയിടത്തും മഴ ആരംഭിച്ചു. ചിലയിടങ്ങളിൽ പുലർച്ചെയോടെ മഴയുടെ ശക്തി കൂടുകയായിരുന്നു. കാളിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ പാറപ്പുഴ പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പുരയിടങ്ങളിൽ വെള്ളം കയറിയതോടെ വളർത്തുമൃഗങ്ങളെയടക്കം സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റേണ്ടിവന്നു. കോഴി , താറാവ് എന്നിവയെ ഏറെ വളർത്തുന്ന കർഷകർ ഏറെ വലഞ്ഞു.

. അപ്രതീക്ഷിതമായി പെട്ടെന്നെത്തിയ മഴയിൽ ഇടവെട്ടിയിലെ മരവെട്ടിച്ചുവട് പാലം, തൊണ്ടിക്കുഴ സ്‌കൂളിന് സമീപത്തെ പാലം എന്നിവ വെള്ളം കയറി മണിക്കൂറുകളോളം വാഹന ഗതാഗതം തടസപ്പെട്ടു. രണ്ടുപാലത്തിന് സമീപവും റോഡിൽ വെള്ളം കയറി.മഴ ശക്തമായതോടെ കല്ലാർകുട്ടി, പാബ്ല, മലങ്കര ഡാമുകളുടെ ഷട്ടർ തുറന്ന് വെച്ചിരിക്കുകയാണ് ഇന്ന് പുലർച്ചെ മുതൽ പരക്കെ ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്.

മഴയുടെ അളവ്

ഇന്നലെ തൊടുപുഴ 8.38, പീരുമേട് 8.4, മൂന്നാർ 8.35, ഉടുമ്പൻചോല താലൂക്ക് 5.4 സെ.മീ. വീതം മഴ രേഖപ്പെടുത്തി. തൊടുപുഴയിലെ എ.ആർ.ഡി.ജി (ഓട്ടോമാറ്റിക് റെയിൻ ഗേജ്)സ്‌റ്റേഷനിൽ 11 സെ.മീ. മഴയാണ് രേഖപ്പെടുത്തിയത്. അടുത്ത രണ്ട് ദിവസം കൂടി വടക്കൻമദ്ധ്യ കേരളത്തിൽ ഇടവിട്ട് മഴ തുടരുമെന്നാണ് നിഗമനം. 21ന് ന്യൂനമർദം കൂടി വരുന്നതിനാൽ മഴ വീണ്ടും കൂടിയേക്കും.