തൊടുപുഴ: സർക്കാർ മാനദണ്ഡപ്രകാരം ഒരു താലൂക്ക് ആശുപത്രിയിൽ നിന്ന് ജനങ്ങൾക്ക് ലഭിക്കേണ്ട എല്ലാ ചികിത്സയും അനുബന്ധ സേവനങ്ങളും പീരുമേട് താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗികൾക്ക് ലഭിക്കുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ജില്ലാ മെഡിക്കൽ ആഫീസർ എന്നിവർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്. താലൂക്ക് ആശുപത്രിക്ക് ആവശ്യമുള്ള സജ്ജീകരണങ്ങൾ ഒരുക്കി ആവശ്യമുള്ള തസ്തികകൾ സൃഷ്ടിച്ച്, നിയമനം നടത്തി മാതൃകാപരവും ജനക്ഷേമപരവുമായ രീതിയിൽ പ്രവർത്തിക്കാൻ പീരുമേട് ആശുപത്രിയെ സജ്ജമാക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. നിലവിലുള്ള ഒഴിവുകൾ സമയബന്ധിതമായി നികത്താൻ ആവശ്യമായ നടപടികൾ ആരോഗ്യവകുപ്പ് ഡയറക്ടർ സ്വീകരിക്കണം. ഫാർമസിസ്റ്റുകൾ അവധിയിൽ പോകുമ്പോൾ രോഗികൾക്ക് മരുന്ന് വിതരണം മുടങ്ങരുത്. ഇതിനു വേണ്ടി താത്കാലിക സംവിധാനം ഒരുക്കുകയോ വർക്കിംഗ് അറേഞ്ചുമെന്റിൽ ഫാർമസിസ്റ്റിനെ നിയമിക്കുകയോ ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ആഫീസർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ കൂടുതൽ ഫാർമസിസ്റ്റുകളെ നിയമിക്കാൻ ആരോഗ്യവകുപ്പ് സെക്രട്ടറി നടപടിയെടുക്കണം.
ലേബർ റൂം മെറ്റേണിറ്റി യൂണിറ്റിന്റെ നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയാക്കണം. പ്രസവ ചികിത്സയ്ക്ക് ആശുപത്രയിലെത്തുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കാനുള്ള നടപടി ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും സ്വീകരിക്കണം. ആശുപത്രിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ബ്ലോക്കുകളുടെയും യൂണിറ്റുകളുടെയും നിർമ്മാണം ഉടൻ പൂർത്തിയാക്കി രോഗികൾക്ക് തുറന്നു കൊടുക്കാൻ ആരോഗ്യസെക്രട്ടറിയും ഡയറക്ടറും നടപടിയെടുക്കണം. ആദിവാസികളും തോട്ടം തൊഴിലാളികളും ആശ്രയിക്കുന്ന ആശുപത്രിയാണിതെന്ന് അധികൃതർ മറക്കരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. ഒരു പ്രദേശത്ത് ഒരു ആശുപത്രി സ്ഥാപിച്ചു കഴിഞ്ഞാൽ അതിന്റെ നിലവാരം അനുസരിച്ചുള്ള സൗകര്യങ്ങൺ ഒരുക്കാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. പീരുമേട് സ്വദേശി ടി.എം. ആസാദ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ഉത്തരവിന്മേൽ സ്വീകരിച്ച നടപടികൾ ആഗസ്റ്റ് 18നകം കമ്മിഷനെ അറിയിക്കണം. കേസ് ആഗസ്റ്റ് 31ന് വീണ്ടും പരിഗണിക്കും.