തൊടുപുഴ: ക്ഷീര കർഷകർക്ക് സഹായകമായി നിരവധി സർക്കാർ പദ്ധതികളുണ്ടെങ്കിലും ചക്കിമാലി, കപ്പക്കാനം, മുല്ലക്കാനം, ഉറുമ്പുള്ള്, ഉളുപ്പൂണി പ്രദേശങ്ങളിലെ ക്ഷീര കർഷകർക്ക് ഇവയെല്ലാം അന്യമാണ്. പ്രദേശവാസികളുടെ ഏക ഉപജീവനമാർഗം കന്നുകാലി വളർത്തലാണ്. പശുവിൻ പാലിന് ലിറ്ററിന് 45 രൂപ മുതൽ 50 രൂപ വരെ വിലയുള്ളപ്പോൾ ഈ നാട്ടുകാർക്ക് കിട്ടുന്നത് 35 മുതൽ 38 രൂപ വരെ മാത്രമാണ്. കാലിത്തീറ്റ, തീറ്റപുൽ കൃഷി, കാലിത്തൊഴുത്ത്, കാലികൾക്കുള്ള ചികിത്സയും ഇൻഷുറൻസും, പാൽ വിപണനം, വിവിധ പാൽ ഉത്പന്നങ്ങളുടെ നിർമ്മാണവും​ വിപണനവും എന്നിങ്ങനെ ക്ഷീര മേഖലയ്ക്ക് സർക്കാർ തലത്തിൽ വിവിധ പദ്ധതികളുണ്ടെങ്കിലും ഇതൊന്നും ഇവിടത്തുകാർക്ക് ലഭ്യമാകുന്നില്ല. വഴിക്കടവിലുള്ള പാൽ സൊസൈറ്റിക്കാണ് ഇവിടെ നിന്നുള്ള പാൽ നൽകുന്നത്. വഴിക്കടവിൽ നിന്ന് കിലോമീറ്ററുകൾ കടന്ന് ദുർഘടമായ പാതയിലൂടെ സൊസൈറ്റി വാഹനം ഇവിടേക്ക് എത്തുമ്പോൾ ഇന്ധനം ഉൾപ്പെടെ വൻ തുകയാണ് ചിലവ്. ഇതും ഇവിടെയുള്ള ക്ഷീരകർഷകരിൽ നിന്നാണ് ഈടാക്കുന്നത്. ഇതിനെല്ലാമുള്ല പരിഹാരമുണ്ടാകണമെന്നാണ് പ്രദേശവാസികളായ കർഷകർ ഒന്നടങ്കം ആവശ്യപ്പെടുന്നത്. കാലികൾക്ക് മേയാൻ ധാരാളം പുൽമേടുകളുള്ള പ്രദേശമാണിവിടം. ഇത്തരം അനൂല സാഹചര്യങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്‌കരിക്കണം. പഞ്ചായത്ത്‌- ക്ഷീര വികസന വകുപ്പ് അധികൃതരുടെ നിരന്തരമായ ഇടപെടൽ ഉറപ്പാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ആവശ്യങ്ങൾ അനവധി

 ഉളുപ്പൂണിയിൽ പാൽ സൊസൈറ്റി പ്രവർത്തിപ്പിച്ച് രാവിലെയും വൈകിട്ടും പാൽ സംഭരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണം

 മറ്റ് ക്ഷീര കർഷകർക്ക് ലഭിക്കുന്ന വില കിട്ടാൻ ഇടപെടലുണ്ടാകണം.

 മികച്ചയിനം പശുക്കളെ വളർത്താനുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായം ലഭ്യമാക്കണം

 ആധുനിക തൊഴുത്ത്‌ നിർമ്മിക്കാനും കാലികൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനും സൗകര്യം ഒരുക്കണം
 കാലി വളർത്തലിൽ ആധുനിക രീതിയിലുള്ള പരിശീലനവും മാർഗ നിർദ്ദേശങ്ങളും നൽകണം