moly
ഇടുക്കി മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന മോളി.

ചെറുതോണി: സ്വയം സഹായ സംഘത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് ഭർത്താവിനെ മർദ്ദിക്കുന്നത് തടഞ്ഞ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മർദിച്ചതായി പരാതി. മുരിക്കാശ്ശേരി തേക്കിൻതണ്ട് മുണ്ടയ്ക്കൽ ഷാജിയുടെ ഭാര്യ മോളിയാണ് മർദ്ദനമേറ്റ് ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. വ്യാഴാഴ്ച വൈകിട്ടാണ് മോളി ഷാജിക്ക് അയൽവാസികളായ യുവാക്കളിൽ നിന്ന് മർദ്ദനമേറ്റതായി പറയുന്നത്. വൈകിട്ട് തൊഴിലുറപ്പ് ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ ഭർത്താവ് ഷാജിയെ അയൽവാസികളായ യുവാക്കൾ ചേർന്ന് മർദ്ദിക്കുന്നത് കണ്ടു തടസം പിടിച്ചപ്പോഴാണ് മോളിക്ക് മർദ്ദനേറ്റത്. തലയിലും മുഖത്തും ക്ഷതമേറ്റ മോളി നിലത്തു വീണു. അവശയായ ഇവരെ മുരിക്കാശ്ശേരി പൊലീസിൽ അറിയിച്ച ശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ഭർത്താവ് ഷാജി പറഞ്ഞു. മുരിക്കാശ്ശേരിയിലെ സ്വയം സഹായ സംഘത്തിൽ നിന്ന് വായ്പയെടുത്തതിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. ഇവർ ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. എന്നാൽ സംഭവം വസ്തുതാ വിരുദ്ധമാണെന്നും തന്റെ പിതാവിനെ ഫോണിലൂടെ ഷാജി ചീത്തവിളിച്ചതായും ഇക്കാര്യം ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും സംഭവത്തിൽ ബന്ധപ്പെട്ട എതിർ കക്ഷി രാജേഷ് പറഞ്ഞു. രാജേഷും സഹോദരൻ രജീഷും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുരിക്കാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.