പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്തിലെ പട്ടികവർഗ മേഖലകളായ പൂമാല, മേത്തൊട്ടി, കൂവക്കണ്ടം, നാളിയാനി, പൂച്ചപ്ര, ഉൾപ്പെടുന്ന പട്ടികവർഗ സങ്കേതങ്ങളിലുള്ള റോഡ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ വനംവകുപ്പിന്റെ എൻ.ഒ.സി ലഭിക്കാത്തതുമൂലം തടസപ്പെടുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വിവിധ പദ്ധതികൾക്കായി 98 ലക്ഷം രൂപയാണ് ചിലവഴിക്കാനാവാതെ കിടക്കുന്നത്. പട്ടികവർഗ ഫണ്ട് സമയബന്ധിതമായി ചിലവഴിക്കാത്തതിനാൽ ഈ സാമ്പത്തിക വർഷം പഞ്ചായത്തിന് ലഭിക്കേണ്ടിയിരുന്ന 1.45 കോടി രൂപയിൽ 74 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. വികസനപരമായി പിന്നാക്കം നിൽക്കുന്ന പട്ടികവർഗ മേഖലയ്ക്ക് നിർമ്മാണ നിരോധനത്തെ തുടർന്ന് പകുതി തുക മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി പ്രദേശവാസികളായ പട്ടികവർഗക്കാർക്കും പട്ടികജാതി കാർക്കും മറ്റിതര ജനറൽ വിഭാഗങ്ങൾക്കും വീട് വയ്ക്കുന്നതിന് അനുമതി ലഭിക്കുന്നില്ല. മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പ്രശ്‌ന പരിഹാരത്തിന് നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ ആയില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലം ആരംഭിച്ചതോടെ ഗ്രാമീണ റോഡുകൾ കാൽനടയാത്രയ്ക്കു പോലും സാദ്ധ്യമാകാത്തത്ര ദുഷ്കരമായി. തുടർന്ന് പ്രദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ ദിവസം പട്ടികവർഗ്ഗ സംഘടനകൾ യോഗം ചേർന്നു. ഊര്മൂപ്പൻ ഐ.ടി. നാരായണൻ അദ്ധ്യഷത വഹിച്ചു. തുടർ പ്രവർത്തനങ്ങൾക്കായി റിട്ട. പ്രോജക്ട് ഡയറക്ടർ കെ.ബി. ശങ്കരൻ ചെയർമാനും പഞ്ചായത്ത്‌ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശേരി കൺവീനറുമായ കമ്മറ്റിയെയും തിരഞ്ഞെടുത്തു.