ചെറുതോണി: പൈനാവ്- താന്നിക്കണ്ടം- മണിയാറൻകുടി- കൊക്കരക്കുളം- മുളകുവള്ളി- അശോകകവല റോഡ് നിർമ്മാണത്തിലെ ക്രമക്കേട് അന്വേഷിക്കാൻ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ നാളെ സ്ഥലത്തെത്തും. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപകമായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പരിശോധന നടക്കുന്നത്. ഈ റോഡ് നിർമ്മിക്കുന്നതിൽ വൻ ക്രമക്കേടുകൾ നാട്ടുകാർ കണ്ടെത്തുകയും മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിരുന്നു. നാട്ടുകാർ സംഘടിച്ച് ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും ചെയ്തിരുന്നു. നാളെ പൈനാവ് മുതൽ അശോകകവല വരെയുള്ള 22 കിലോമീറ്റർ ദൂരവും കെ.എസ്.ടി.പിയുടെ എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധിക്കും. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ്, റോഡ് കടന്നുപോകുന്ന പ്രദേശങ്ങളിലെ വാർഡ് മെമ്പർമാർ, ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവരെയും റോഡ് കരാറുകാരനെയും ഉദ്യോഗസ്ഥർ കാണും.