നെടുങ്കണ്ടം: മൈനർ സിറ്റി- ചിന്നപച്ചടി റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടതിനാൽ അപകടങ്ങൾ തുടർക്കഥയാവുന്നു. നെടുങ്കണ്ടം മേലേ ചിന്നാർ പാതയുടെ സമാന്തര പാതയാണിത്. ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. ടാറിംഗ് ഇളകി വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ട് കാലങ്ങളായി. വലിയ കയറ്റങ്ങളുള്ള ഭാഗത്തെ കുഴികളും സമീപത്തെ വലിയ കിടങ്ങുകളും അപകട സാധ്യത കൂട്ടുന്നു. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. അറ്റകുറ്റ പണികൾ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്നും വശങ്ങൾ കോൺക്രീറ്റ് ചെയ്ത് സംരക്ഷിയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.