കുമളി: മദ്യലഹരിയിൽ 13 കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കുമളി അമരാവതി കാഞ്ഞിരത്തിങ്കൽ വീട്ടിൽ മനു മനോജാണ് (31) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച രാത്രി രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. കുമളി ടൗണിന് സമീപം വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന വീട്ടിലെ പെൺകുട്ടിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്.
രാത്രിയിൽ മദ്യപിച്ചെത്തിയ മനു പെൺകുട്ടി താമസിക്കുന്ന വീടിന്റെ വാതിൽ തള്ളിത്തുറന്ന് അതിക്രമിച്ച് അകത്ത് കയറി. തുടർന്ന് കടന്ന് പിടിക്കാൻ ശ്രമിച്ചപ്പോൾ പെൺകുട്ടി അയൽവക്കത്തെ വീട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളംകേട്ടെത്തിയ നാട്ടുകാർ മനുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തിയതായി കുമളി പൊലീസ് അറിയിച്ചു. മുമ്പും സമാനമായ കേസിൽ മനു പ്രതിയായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രിൻസിപ്പൽ എസ്‌.ഐ സന്തോഷ് സജീവ്, എസ്‌.ഐ സലീം രാജു, ഉദ്യോഗസ്ഥരായ രതീഷ്, അനിൽ പി.ആർ, നസീമ, ഷീജാ എന്നിവരുടെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.