തൊടുപുഴ: ജില്ലാ ആശുപത്രിയിൽ ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിക്കുന്നതിന് 1.20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്ലാന്റ് സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്നും പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഒരു ദിവസം 140 സിലിണ്ടർ ഓക്‌സിജൻ ഇവിടെ ഉത്പാദിപ്പിക്കാനാകും. അന്തരീക്ഷത്തിൽ നിന്ന് വായു വേർതിരിച്ചെടുത്തുള്ള പി.എസ്.എ ടെക്‌നോളജിയാണ് ഓക്‌സിജൻ ഉത്പാദനത്തിനായി വിനിയോഗിക്കുക. ആശുപത്രിയിൽ നിലവിലുള്ള 120 ബെഡുകളിൽ മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം സ്ഥാപിക്കുന്ന പ്രവർത്തിയും പുരോഗമിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓക്‌സിജൻ പ്ലാന്റിന്റേതടക്കമുള്ള പ്രവർത്തികൾ നടപ്പാക്കുന്നത്. കൂടുതലാളുകൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള ആർ.ഒ പ്ലാന്റിന്റെ നിർമാണവും താമസിയാതെ പൂർത്തിയാകുമെന്നും ജോസഫ് പറഞ്ഞു.