santhosh
സന്തോഷ്

തൊടുപുഴ: വനംവകുപ്പ് ജീവനക്കാരനായ സന്തോഷിന് ചിത്രകാരനാകാനായിരുന്നു മോഹം. പക്ഷേ, രവി വർമ്മ ചിത്രങ്ങളെ വെല്ലുന്ന ഫ്രെയിമുകളിൽ കാനനഭംഗി കാമറയിൽ ഒപ്പിയെടുക്കാനായിരുന്നു വിധി.

നേര്യമംഗലം റേഞ്ചിലെ നഗരംപാറ വനംവകുപ്പ് ആഫീസിലെ സെക്ഷൻ ഫോറസ്റ്റ് ആഫീസറായ പൂമാല സ്വദേശി സന്തോഷ് ഓരത്തേലാണ് (42) കാമറ കൊണ്ട് കാടിന്റെ ചിത്രം 'വരയ്ക്കുന്നത് ". കുട്ടിക്കാലത്ത് ചിത്രങ്ങൾ വരയ്ക്കുമായിരുന്ന സന്തോഷ് ചിത്രകല പഠിക്കാൻ തൃപ്പൂണിത്തുറ ആർ.എൽ.വി ഫൈൻ ആർട്സ് കോളേജിൽ ചേർന്നപ്പോഴാണ് വനംവകുപ്പിൽ ജോലി ലഭിക്കുന്നത്. എന്നാൽ ജോലിത്തിരക്കിനിടയിൽ മനസിൽ തെളിയുന്ന മനോഹര ഫ്രെയിമുകളെങ്ങും പകർത്താനായില്ല. അപ്പോഴാണ് ഒരു സെക്കൻഡ് ഹാൻഡ് കാമറ സ്വന്തമാക്കുന്നത്- നിക്കോൺ കൂൾ പിക്‌സ് 900. പ്രൊഫഷണൽ കാമറ ഉപയോഗിക്കാൻ അത്ര വശമില്ലാതിരുന്ന സന്തോഷ് യുട്യൂബ് നോക്കി സാങ്കേതിക കാര്യങ്ങൾ പഠിച്ചു. പിന്നീട് കാണുന്ന കാഴ്ചകളെല്ലാം പതിയെ കാമറയിൽ ഒപ്പിയെടുക്കാൻ തുടങ്ങി. തരക്കേടില്ലെന്ന് തോന്നിയ ഫോട്ടോകൾ ഫേസ്ബുക്കടക്കമുള്ള സാമൂഹ്യമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ലൈക്കുകളും കമന്റുകളും ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ആദ്യം കൗതുകമായി തുടങ്ങിയ ഫോട്ടോഗ്രാഫി പിന്നീട് ഗൗരവമായി കാണാൻ തുടങ്ങി. പക്ഷികളുടെയും മറ്റും ചിത്രമെടുത്ത ശേഷം ഗൂഗിൾ ഇമേജ് സേർച്ച് വഴിയാണ് ഏത് ഇനമാണെന്ന് കണ്ടെത്തുന്നത്. ജോലി സ്ഥലത്തേക്കുള്ള യാത്രയിലും ഇടവേളകളിലുമാണ് ചിത്രങ്ങൾ പകർത്തുന്നത്. ഭാവിയിൽ സന്തോഷ് ഒരു ചിത്രകാരനാകുമെന്ന് കരുതിയിരുന്ന സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മികച്ച ഫോട്ടോഗ്രാഫറായി മാറിയതിൽ സന്തോഷിച്ചു. സഹപ്രവവർത്തകരുടെയും ഭാര്യ ഷിബിയുടെയും പൂർണ പിന്തുണ സന്തോഷിനുണ്ട്. ആറിലും രണ്ടിലും പഠിക്കുന്ന ശ്രീഹരിയും മഹേശ്വറും മക്കളാണ്. പൂമാല ഓരത്തേൽ ഇട്ട്യാതി- ഓമന ദമ്പതികളുടെ മകനാണ് സന്തോഷ്.

ക്ഷമയാണ് മെയിൻ

വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർക്ക് ഏറ്റവുമധികം വേണ്ടത് ക്ഷമയാണെന്ന് സന്തോഷ് പറയുന്നു. നല്ലൊരു ഫ്രെയിമിനായി മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരും. ചിലപ്പോൾ ഏതെങ്കിലും അപൂർവ ഇനം പക്ഷിയെ കണ്ട് കാമറയെടുക്കുമ്പോഴേക്കും അത് പറന്നു പോയിട്ടുണ്ടാകും. കാട്ടിലാണെങ്കിൽ വന്യമൃഗങ്ങളെ ഭയക്കണം. ഏറെ നേരെ അനങ്ങാതെ നിൽക്കുമ്പോൾ തോട്ടപ്പുഴുവിന്റെ ശല്യവുമുണ്ടാകും. ഇതെല്ലാം മറികടന്ന് പല അപൂർവയിനം മരംകൊത്തികൾ, വണ്ടുകൾ, ചിത്ര ശലഭങ്ങൾ, പാമ്പുകൾ, മൃഗങ്ങൾ തുടങ്ങിയവയുടെയെല്ലാം ചിത്രങ്ങൾ പകർത്താൻ സന്തോഷിന് കഴിഞ്ഞു. എന്നിട്ടും പരിചയസമ്പന്നത കൊണ്ടാണ് ഇത് സാധിച്ചതെന്നും താനൊരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറല്ലെന്നും വിനയാന്വിതനാകുന്നു സന്തോഷ്.