തൊടുപുഴ: പലോളി കമ്മിറ്റി നിർദേശിച്ച ന്യൂനപക്ഷ സ്‌കോളർഷിപ്പ് ജനസംഖ്യാനുപാതികമാക്കണമെന്ന കോടതി നിർദേശം മാനിച്ച് കൂടുതൽ തുക വകയിരുത്തി ആർക്കും നഷ്ട മുണ്ടാകാത്ത വിധം പുനഃക്രമീകരിച്ച സർക്കാർ നടപടിയെ സാമുദായിക വിവേചനമായി ചിത്രീകരിക്കുന്ന നടപടിയിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ഐ.എൻ..എൽ ജില്ലാ പ്രസിഡന്റ് എം. എം സുലൈമാൻ ആവശ്യപ്പെട്ടു.

സച്ചാർ കമ്മിറ്റി ശുപാർശകൾ കണക്കിലെടുത്ത് പലോളി കമ്മിറ്റിയെ നിയോഗിച്ചതും നിർദേശങ്ങൾ ത്വരിതഗതിയിൽ നടപ്പാക്കിയതും ഇടതുപക്ഷ സർക്കാരാണ്. ന്യൂനപക്ഷ വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ കാര്യക്ഷമമാക്കിയും സ്‌കോളർഷിപ്പുൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആവുന്നത്ര പേരിലെത്തിച്ചും ഫലപ്രദമായ ഇടപെടലുകൾ നടത്തിയ ന്യൂനപക്ഷ ക്ഷേമവകുപ്പിനെ ഇല്ലാക്കഥകളുടെ പേരിൽ നിരന്തരം വേട്ടയാടിയവരാണ് പുതിയ വിവാദത്തിന് ചുക്കാൻ പിടിക്കുന്നത്.

പോരായ്മകൾ ചൂണ്ടിക്കാട്ടിയാൽ ഉൾക്കൊള്ളാനും തിരുത്താനും സർക്കാർ സന്നദ്ധമാണെന്നിരിക്കെ വൈകാരിക വാദങ്ങളുയർത്തി രംഗം കൊഴുപ്പിക്കുന്നതും സാമുദായിക ധ്രുവീകരണമുണ്ടാക്കുന്നതും അപകടകരവും അപലപനീ യവുമാണെന്ന് അദ്ദേഹം പറഞ്ഞു.