അടിമാലി: രണ്ടാം ലോക്ക് ഡൗണോടെ ജീവിതത്തിന്റെ ശബ്ദവും വെളിച്ചവും പൂർണമായും നഷ്ടമായി ആത്മഹത്യയുടെ വക്കിലാണ് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമകളും ജീവനക്കാരും. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണിവര്‍ കടന്ന് പോകുന്നത്. സംസ്ഥാനത്ത് ഇതിനകം ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലുള്ള അഞ്ച് പേരാണ് ജീവനൊടുക്കിയത്. വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും പന്തലും ഭക്ഷണവും ഒരുക്കുകയും ചടങ്ങ് കോംപയർ ചെയ്യാനുള്ളവരെ സഹിതം എത്തിക്കുകയും ചെയ്യുന്ന ഈവന്റ് മാനേജ്മെന്റ് തലത്തിലേക്ക് ഉയർന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനങ്ങൾ വരെ ജില്ലയിൽ ഉണ്ടായിരുന്നു. പക്ഷേ, കൊവിഡിന്റെ വരവോടെ എല്ലാം ഇല്ലാതായി. ഉത്സവ- പെരുന്നാൾ സീസണുകളും കല്യാണങ്ങളും സ്വപ്നം കണ്ടവർ ഇപ്പോൾ പൊടിപിടിച്ച് മൂലയ്ക്കിരിക്കുന്ന ശബ്ദമില്ലാത്ത ബോക്‌സുകളും വെളിച്ചമില്ലാത്ത ലൈറ്റുകളും നോക്കിയിരിപ്പാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഭാഗമായി ലഭിച്ച പ്രചാരണ പരിപാടികളാണ് പലര്‍ക്കും ഇടയ്ക്ക് ലഭിച്ച ഏക ആശ്വാസം. മെല്ലെ പ്രതിസന്ധിയിൽ നിന്ന് പതിയെ കരകയറി വരുമ്പോഴാണ് എല്ലാം തകിടംമറിച്ച് രണ്ടാം ലോക്ക് ഡൗണെത്തുന്നത്. ഇതോടെ ആഘോഷങ്ങളെല്ലാം ആരവമില്ലാതെ കടന്നുപോകുന്നത് നിശബ്ദം കണ്ടുനിൽക്കേണ്ട ഗതികേടിലായി ഇവർ. ഭാരിച്ച വായ്പാ തിരിച്ചടവുകളും വൈദ്യുതി ബില്ലും മുറി വാടകയുമൊക്കെ ഈ മേഖലയിലുള്ളവര്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി. മാസങ്ങളോളം ഇലക്ട്രോണിക് ഉപകരണങ്ങളും ജനറേറ്ററുകളും ഉപയോഗിക്കാത്തതിനാൽ പലതും തകരാറിലായി ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. വലിയ തുക മുടക്കി വാങ്ങിയ സാധന സാമഗ്രികള്‍ പലതും പ്രവര്‍ത്തനക്ഷമമല്ലാതായി തുടങ്ങി. വലിയ ജനറേറ്റുകള്‍ ഉള്‍പ്പെടെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യമുണ്ട്. ഒാരോ സ്ഥാപനത്തിലും പത്തിലധികം ജീവനക്കാരാണുള്ളത്. ഇവരുടെ കുടുംബങ്ങൾ അരപ്പട്ടിണിയിൽ നിന്ന് മുഴുപ്പട്ടിയിലേക്കെത്തി. തൊഴിൽരഹിതരായതോടെ ഭൂരിഭാഗം തൊഴിലാളികളും ഉടമകളും പുതുവഴി തിരയുകയാണ്. പലരും പരിചിതമല്ലാത്ത പണികൾ ചെയ്ത് തളർന്നിരിപ്പാണ്. ക്ഷേമനിധിയിൽ ഉൾപ്പെട്ട തൊഴിലാളികളും വളരെ കുറവാണ്. അതുകൊണ്ട് അത്തരം ആനുകൂല്യങ്ങളും കിട്ടില്ല. ആഘോഷങ്ങൾ മുതൽ സമരങ്ങൾ വരെ ഓൺലൈനിലായതും ഇവരുടെ പ്രതീക്ഷകളെ ഇരുട്ടിലാക്കി. വായ്പയെടുത്ത് ഉപകരണങ്ങൾ വാങ്ങി മേഖലയിൽ പിടിച്ചു നിന്നവർ ഇപ്പോൾ കടക്കെണിയിലാണ്. സര്‍ക്കാര്‍ സഹായവും ഇളവുകളും ലഭിച്ചില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.
ജില്ലയിൽ സ്ഥാപനങ്ങൾ- 90
തൊഴിലാളികൾ- 450
പ്രതിസന്ധി
വായ്പകൾ തിരിച്ചടയ്ക്കാനാകുന്നില്ല
കട വാടക മുടങ്ങി
ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലായി
തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യങ്ങളില്ല
'വിവിധ ബാങ്കുകളിലായി 20 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി മുതലോ പലിശയോ അടയ്ക്കാൻ കഴിയുന്നില്ല. വായ്പകൾക്ക് മൊറട്ടോറിയമോ സർക്കാർ സഹായമോ നൽകണം. "
-സജീവ് മൈക്കിൾ (സജി സൗണ്ട്സ്, അടിമാലി)