തൊടുപുഴ:ന്യൂമാൻ കോളേജിലെ 20 ബികോം വിദ്യാർത്ഥികളുടെ കോസ്റ്റ് അക്കൗണ്ടിങ്ങ് ഉത്തരക്കടലാസ്സുകൾ നഷ്ടപ്പെട്ടതിനെ സംബന്ധിച്ച് നിരവധി വ്യാജ പ്രചരണങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്നതായി കോളേജ് മാനേജ്മെന്റ് പറഞ്ഞു. ഉത്തരക്കടലാസ്സുകൾ എം.ജി. സർവ്വകലാശാലയുടെ നിയന്ത്രണത്തിൽ കോട്ടയം ജില്ലയിലുള്ള ഒരു വാല്യുവേഷൻ സെന്ററിൽ നിന്നും മൂല്യനിർണ്ണയത്തിനായി മറ്റൊരു കോളേജിലെ അദ്ധ്യാപകനു ഏൽപിച്ചിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. അദ്ധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന്റെ പേരിൽ ഈ പേപ്പറിന്റെ മൂല്യനിർണ്ണയവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ന്യൂമാൻ കോളേജിലെ പ്രിൻസിപ്പലിനേയും അദ്ധ്യാപകരെയും അപകീർത്തിപ്പെടുത്തുന്ന പ്രചരണങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അദ്ധ്യാപകനെയും ആകോളേജിന്റെ പ്രിൻസിപ്പലിനെയും യൂണിവേഴ്‌സിറ്റി വിശദികരണത്തിനായി വിളിച്ചിട്ടുണ്ട്. വസ്തുതകൾ തിരിച്ചറിയാതെ ന്യൂമാൻ കോളേജിനുനേരെ നടത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് കോളേജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.