ചെറുതോണി : പെരിയാറിന്റെ ഭാഗമായ കരിമ്പൻ പാലത്തിന്റെ സ്ലാബുകളിൽ വിള്ളലുകൾ പ്രത്യക്ഷമായി . ഒരു വർഷം മുമ്പ് ചില സ്ലാബുകളിൽ വിള്ളൽ കണ്ടിരുന്നെങ്കിലും ഇപ്പോൾ ഇത് കൂടുതൽ സ്ലാബുകളിൽ കൂടുതൽ വിസ്തൃതിയിലായി . ഇപ്പോൾ ഒമ്പത് സ്‌ളാബുകൾക്കാണ് വിള്ളലുള്ളത് .
. പെരിയാറിനു കുറുകെ ജില്ലയിലെ ഏറ്റവും വലിയ പാലമാണ് വാഴത്തോപ്പ്- മരിയാപുരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള കരിമ്പൻ പാലം . 18 കോടി രൂപ ചെലവിട്ട് നബാർഡിന്റെ സഹാത്തോടെ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച പാലം 2015ലാണ് പൂർത്തിയായത്. 2018 ലെ പ്രളയകാലത്ത് ജില്ലയിലെ മറ്റ് പ്രധാന റോഡുകളെല്ലാം തകർന്ന് ഗതാഗതം തടസ്സമാപ്പോൾ ഈ പാലമാണ് നാടിന് ഏറ്റവുമധികം പ്രയോജനെപ്പെട്ടത്. ഒരു വർഷം മുൻപ് പാലത്തിന്റെ ചില സ്ലാബുകളിൽ നേരിയ തോതിൽ വിള്ളൽ കാണപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അധികൃതർ അത്ര കാര്യമാക്കിയില്ല. കഴിഞ്ഞ ഒരു വർഷംകൊണ്ട് പാലത്തിന്റെ വിള്ളലുകൾ ഒമ്പതോളം സ്ലാബുകളിലേക്ക് വ്യാപിക്കുകയും വിള്ളലുകളുടെ വിസ്തൃതി വർദ്ധിക്കുകയും ചെയ്തതോടെ നാട്ടുകാരും ആശങ്കയിലായിരിക്കുകയാണ്. അടിമാലി മൂന്നാർ , രാജാക്കാട് , നെടുങ്കണ്ടം , പൂപ്പാറ തുടങ്ങി വിദൂരങ്ങളിൽ നിന്നും ജില്ലാ ആസ്ഥാനത്തേക്ക് ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുവരുന്ന പ്രധാന പാതയുടെ ഭാഗമാണ് കരിമ്പൻ പാലം . ടാങ്കർ ലോറികൾ ഉൾപ്പെടെ നിരവധി ഭാരവണ്ടികളും ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിലെ വിള്ളലുകൾ ഏറി വരുന്ന സാഹചര്യത്തിൽ അടിയന്തിരമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ സഥലത്ത് പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.